കൊൽക്കത്ത: ആർജി കർ ആശുപത്രിയിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഡോക്ടറുടെ പേരും ഫോട്ടോകളും വിഡിയോകളും മറ്റും സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി. ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് അവരുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
ട്രെയിനി ഡോക്ടറുടെ പേരും ചിത്രങ്ങളും അനുബന്ധ ഹാഷ്ടാഗുകളും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, എക്‌സ് എന്നിവയുൾപ്പെടെയുള്ള പല മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതായി ഹർജിയിൽ പറയുന്നു. സംഭവത്തിൽ അഭിഭാഷകൻ കിന്നോരി ഘോഷ് നൽകിയ ഹർജി ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു. മരിച്ച വ്യക്തിയുടെ പേര് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കുന്നുണ്ടെങ്കിലും ഇത്തരത്തിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ ഇരയുടെ മറ്റു വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. 2018ലെ നിപുൻ സക്‌സേന കേസിലെ വിധി പ്രകാരം സെക്ഷൻ 376, സെക്ഷൻ 376-എ, സെക്ഷൻ 376-എബി പ്രകാരം ഒരു കുറ്റകൃത്യത്തിന് ഇരയായ വ്യക്തിയുടെ പേരോ മറ്റേതെങ്കിലും വിശദാംശമോ പ്രചരിപ്പിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്