ഹൈദരാബാദ്: തെലങ്കാനയിൽ തുടരുന്ന കനത്ത മഴയിൽ വിവിധ ജില്ലകളിലായി വെള്ളക്കെട്ടിൽ വീണും ഇടി മിന്നലേറ്റും ഏഴു പേർ മരിച്ചു. തുടർച്ചയായ മഴ വലിയ നാശ നഷ്ടങ്ങളും ​ദുരിതങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് വിതക്കുന്നത്. മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് ഹൈദരാബാദിൽ ഒരാൾ ഒലിച്ചുപോയി. മുഷീറാബാദ് മണ്ഡലത്തിലെ പാഴ്സിഗുട്ട മേഖലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. വിജയ് (43) എന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
തെലങ്കാനയിലെ വിവിധ ജില്ലകളിലായി ആറുപേർ ഇടിമിന്നലേറ്റാണ് മരിച്ചത്. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറി. ഹൈദരാബാദിൽ പെയ്ത കനത്ത മഴയെ തുടർന്ന് തുറന്ന ഓടകളിൽ നിന്നും മാൻഹോളുകളിൽ നിന്നും വെള്ളം നിറഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ കയറിയത് താമസക്കാർക്ക് ദുരിതമായി. ദുരന്തനിവാരണ സേന ഉദ്യോഗസ്ഥർ വെള്ളം പമ്പ് ചെയ്തു കളയുകയായിരുന്നു.
അതിനിടെ, അടുത്ത രണ്ട് ദിവസത്തേക്ക് ഹൈദരാബാദിലും പരിസര പ്രദേശങ്ങളിലും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നഗരത്തിൽ ഇടിമിന്നലോടുകൂടിയ മഴയോ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയുള്ള കാറ്റോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *