കോഴിക്കോട്: ഗുരുദേവൻ്റെ ജന്മം കൊണ്ട് കേരളം അനുഗ്രഹീതമായിട്ട് 170 വർഷം പൂർത്തിയായിട്ടും ബ്രാഹ്മണ്യമെന്നത് ജന്മം കൊണ്ടല്ലെന്നും കർമ്മം കൊണ്ടാണെന്നും മനസ്സിലാക്കാനുള്ള തിരിച്ചറിവ് കേരളീയർ നേടിയിട്ടില്ലെന്നത് ഏറെ ദുഃഖകരമാണെന്ന് മുൻ എം പി കെ. മുരളീധരൻ പറഞ്ഞു.എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സംഘടിപ്പിച്ച 170 മത് ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് കെ എം അഭിജിത്ത് ജയന്തി സന്ദേശവും കോർപ്പറേഷൻ കൗൺസിലർ എൻ. ശിവപ്രസാദ് മുഖ്യ പ്രഭാഷണവും നടത്തി. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ,ശ്രീ നാരായണ സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ ഉഷാവിവേക് യൂണിയൻ ഭാരവാഹികളായ കെ ബിനുകുമാർ, അഡ്വ. എം രാജൻ, പി കെ ഭരതൻ, ലീലാ വിമലേശൻ എന്നിവർ പ്രസംഗിച്ചു.
ജയന്തിയോടനുബന്ധിച്ച് ഗുരുവരാശ്രമത്തിൽ രാവിലെ മുതൽ മേൽ ശാന്തി പ്രസൂൺ ശാന്തികളുടെ കാർമികത്വത്തിൽ വിശേഷാൽ ഗുരുപൂജ ,മഹാ ശാന്തി ഹവനം, ഗണപതി ഹോമം , അന്ന ദാനം എന്നിവ നടന്നു. ജയന്തി ഘോഷയാത്ര വെസ്റ്റ്ഹിൽ ചുങ്കം തായാട്ട് അയ്യപ്പ ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച് ഗുരുവരാശ്രമത്തിൽ സമാപിച്ചു.ജയന്തി ഘോഷയാത്രക്ക് പി കെ വിമലേശൻ, കെ ബാലകൃഷ്ണൻ, പി വി സുരേഷ് ബാബു, ശാലിനി ബാബുരാജ്, സുജ നിത്യാനന്ദ്, ഷമീനാ സന്തോഷ്, സിമി സി, സജിത കുമാരി, പി കെ ശ്രീലത എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.