കൊച്ചി: സിനിമയില്‍ സ്ത്രീകള്‍ വരുന്നത് പണത്തിന് വേണ്ടിയാണെന്നും അതിന് വേണ്ടി അവര്‍ എല്ലാത്തിനും വഴങ്ങുമെന്നുമുള്ള പൊതുബോധം ചലച്ചിത്ര മേഖലയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഹേമ കമ്മറ്റി റിപ്പോര്‍ട്ട്.
‘അഡ്ജസ്റ്റ്‌മെന്റുകളും’ ‘കോംപ്രമൈസും’ എന്നീ രണ്ട് പദങ്ങളാണ് മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് സുപരിചിതമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയില്‍ ചാന്‍സ് ലഭിക്കാന്‍ സ്ത്രീകള്‍ വഴങ്ങിക്കൊടുക്കണം. സ്ത്രീകളെ പീഡിപ്പിക്കുന്ന സമീപനം ഭരണഘടനാ വിരുദ്ധമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മലയാള സിനിമയില്‍ മാഫിയ പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുകളും ചൂഷണത്തിന് ഇരയായി.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായോ മറ്റോ നിയമിക്കരുത്. ‘കിടക്ക’യിലേക്ക് ക്ഷണിച്ച് ഒരു സ്ത്രീയെയും അപമാനിക്കരുത്. നടിമാര്‍ക്ക് ശുചിമുറിയും വസ്ത്രം മാറാന്‍ സൗകര്യവും ഒരുക്കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ചില സംവിധായകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ചില രംഗങ്ങള്‍ അഭിനയിക്കാന്‍ നിര്‍ബന്ധിക്കും. തയ്യാറല്ലെന്ന് അറിയിച്ചപ്പോള്‍ ബ്ലാക്ക്മെയിലിങും ഭീഷണിയും ഉണ്ടായെന്നും മൊഴിയുണ്ട്.
ആരെങ്കിലും പരാതിയോ പരിഭവമോ പറഞ്ഞാല്‍ ആ നിമിഷം സിനിമാ മേഖലയില്‍ നിന്ന് പുറത്താകും. സിനിമാ മേഖലയില്‍ നിശബ്ദദയുടെ സംസ്‌കാരം വളര്‍ന്നുവരുന്നു. അനുഭവിക്കുന്നവര്‍ മാത്രമല്ല സാക്ഷിയാകുന്നവരും വിവരം പുറത്ത് പറയാന്‍ മടിക്കുന്നു. ഭയം മൂലം ഒരാളും പറയുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.