സംസ്ഥാനത്ത് കാലിത്തീറ്റ ഉത്പാദനം ഗണ്യമായി കുറഞ്ഞു.കന്നുകുട്ടിപരിപാലനത്തിന് നടപ്പാക്കുന്ന ഗോവര്‍ധനി പദ്ധതിവഴി 2023-’24-ല്‍ സബ്‌സിഡി നല്‍കാതിരുന്നതും ‘ക്യാപ്’ പദ്ധതി മുടങ്ങിയതും ക്ഷീരമേഖലയില്‍നിന്നുള്ള കര്‍ഷകരുടെ പിന്മാറ്റത്തിന് കാരണമായി. പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സിന്റെ ഉത്പാദനം സംസ്ഥാനത്ത് മാസം ശരാശരി 7000 ടണ്ണോളമാണ് കുറഞ്ഞത്. കോവിഡ് കാലത്തുപോലും ഉലയാതെനിന്ന കേരള ഫീഡ്‌സിന്റെ തിരുവങ്ങൂര്‍ ഫാക്ടറിയിലെ ഉത്പാദനം 60 ശതമാനത്തിലേക്കിടിഞ്ഞു.
മില്‍മയുടെ തീറ്റ ഉത്പാദനത്തിലും ഇടിവുണ്ടായി. ഏപ്രില്‍ മാസത്തെക്കാള്‍ 1000 ടണ്ണോളം കുറവാണ് തുടര്‍ന്നുള്ള മാസങ്ങളിലുണ്ടായത്. ജൂണ്‍, ജൂലായ് മാസങ്ങളില്‍ 250 രൂപ സബ്‌സിഡി പ്രഖ്യാപിച്ചതിനാല്‍ മലബാര്‍ മേഖലയില്‍മാത്രം അവര്‍ക്ക് പിടിച്ചുനില്‍ക്കാനായി.’ക്യാപ്’ പദ്ധതി പുനരാരംഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 2022-’23-ല്‍ സര്‍ക്കാര്‍വിഹിതം ലഭിക്കാതിരുന്നതോടെ പഞ്ചായത്തുകള്‍ തനിച്ച് പദ്ധതി നടപ്പാക്കുകയായിരുന്നു. വകുപ്പുവിഹിതമില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന നിലപാടിലാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍. പുതിയ സാമ്പത്തികവര്‍ഷംമുതല്‍ ഗോവര്‍ധനിപദ്ധതിക്കുള്ള തുകയനുവദിച്ചതായി അധികൃതര്‍ വ്യക്തമാക്കി.