പാലാ: സബ്സിഡി വാഗ്ദാനത്തില്‍ മയങ്ങിയും വൈദ്യുതി ബില്ലിലെ അധികബാധ്യതയൊഴിവാക്കാന്‍ സോളാര്‍സ്ഥാപിച്ചവര്‍ക്കു കെ.എസ്.ഇ.ബി. നല്‍കുന്നത് എട്ടിന്റെ പണി. സോളാര്‍ പാനാല്‍ സ്ഥാപിച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും മീറ്റര്‍ സ്ഥാപിക്കാതെ ഉപഭോക്താക്കളെ വലയ്ക്കുന്ന നിലപാടാണു കെ.എസ്.ഇ.ബി സ്വീകരിക്കുന്നത്. 
അന്വേഷിക്കുമ്പോള്‍ മീറ്റര്‍ എത്തിയിട്ടില്ലെന്നും നിങ്ങള്‍ക്കു വേണമെങ്കില്‍ പുറത്തുനിന്നു മീറ്റര്‍ വാങ്ങി കെ.എസ്.ഇ.ബിയുടെ ടെസ്റ്റിന് ശേഷം സ്ഥാപിക്കാമെന്ന ഉപദേശവും ലഭിക്കും. മാസങ്ങള്‍ കാത്തിരുന്നു മടുത്തതോടെ പലരും കെ.എസ്.ഇ.ബിയുടെ മീറ്ററിന് കാത്തിരിക്കാതെ പുറത്തു നിന്നു മീറ്റര്‍ വാങ്ങുകയാണ്. 
മൂന്നു കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 40 ശതമാനം സബ്സിഡി നല്‍കുന്നത്. 10 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പാനലിന് 20 ശതമാനം സബ്സിഡിയും നല്‍കും. നിലവിലെ ബെഞ്ച്മാര്‍ക് വില അടിസ്ഥാനത്തില്‍, 1 കെ.വി. സംവിധാനത്തിന് 30,000 രൂപ, 2 കെ.വി. സംവിധാനത്തിന് 60,000 രൂപ, 3 കെ.വി. അല്ലെങ്കില്‍ അതില്‍ കൂടിയ സംവിധാനത്തിന് 78,000 രൂപ എന്ന നിരക്കില്‍ സബ്സിഡി ലഭിക്കും.
ഇതോടെ ചുരുങ്ങിയത് 25,000 രൂപവരെ കൈയിലുണ്ടെങ്കില്‍ വീടുകളില്‍ 3 കെവി വരെയുള്ള സൗരോര്‍ജ സംവധാനം സ്ഥാപിക്കാമെന്ന അവസരാണു ഉള്ളത്. വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി പ്രധാനമന്ത്രി സൂര്യോദയ് യോജന എന്ന പേരില്‍ ഈ വര്‍ഷം ജനുവരി 22നാണു പദ്ധതി പ്രഖ്യാപിച്ചത്. ഇതില്‍ സംസ്ഥാനത്ത് പദ്ധതി നടപ്പാക്കാന്‍ കെ.എസ്.ഇ.ബിക്കാണു ചുമതല. 
ഇതില്‍ മീറ്റര്‍ സ്ഥാപിക്കുന്നതു മാത്രമാണു കെ.എസ്.ഇ.ബിക്കു അധിക ചിലവായി വരുന്നത്. മീറ്റര്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍, ഉപഭോക്താവില്‍ നിന്നു മാസം 150 രൂപയോളം മാസവാടകയായി ഈടാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, മീറ്ററിനു ക്ഷാമം നേരിടുന്നുണ്ടെന്നാണു കെ.എസ്.ഇ.ബിയില്‍ നിന്നു ലഭിക്കുന്ന അനൗദ്യോഗിക വിവരം. ഇതോടെ മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. 
ഇതോടെ മീറ്റര്‍ എത്തിയിട്ടുണ്ടോ എന്ന ഉപഭോക്താക്കളുടെ അന്വേഷണങ്ങള്‍ക്കു ഇല്ലെന്നും അപേക്ഷ നല്‍കിയിട്ടുണ്ടെന്ന മറുപടിയുമാണു ലഭിക്കുന്നത്. അത്യാവശ്യമാണെങ്കില്‍ പുറത്തു നിന്നു മീറ്റര്‍ വാങ്ങി കെ.എസ്.ഇ.ബിയുടെ ഓഫീസില്‍ എത്തിച്ചു പരിശോധിച്ച ശേഷം ഉപയോഗിക്കാമെന്നും പറയും. പുറത്തു നിന്നു വാങ്ങുമ്പോള്‍ 4500 രൂപയോളം മീറ്ററിനു മാത്രമായി നല്‍കണം. 
മീറ്റര്‍ പുറത്തു നിന്നു വാങ്ങി ഉപയോഗിക്കുമ്പോള്‍ 20 രൂപയോളം കുറവു മാത്രമാണു മാസവാടകയില്‍ ലഭിക്കുന്നത്. ഇതു ഉപഭോക്താക്കള്‍ക്കു അധിക ചെലവു സൃഷ്ടിക്കും. ഇതോടെ സാധാരണക്കാരായ പലരും കെ.എസ്.ഇ.ബിയുടെ മീറ്റര്‍ എത്തുന്നതിനായുള്ള കാത്തിരിപ്പിലാണ്. പാലായില്‍ മാത്രം ഇത്തരത്തില്‍ ഇരുപതോളം ഉപഭോക്താക്കളാണുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *