തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടറിൽ ഉള്ളത് അതീവ ഗുരുതര പരാമർശങ്ങൾ. മലയാള സിനിമയിൽ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന പവർഗ്രൂപ്പുണ്ടെന്നും അവർക്കെതിരെ സംസാരിക്കാൻ ആർട്ടിസ്റ്റുകൾക്ക് ഭയമെന്നും റിപ്പോർട്ടിൽ പറയുന്നു.
മലയാള ചലച്ചിത്ര വ്യവസായം പുരുഷന്മാരായ ചില നിര്‍മാതാക്കളുടെയും സംവിധായകരുടെയും അഭിനേതാക്കളുടെയും നിയന്ത്രണത്തിലാണ്. അവര്‍ മലയാളം സിനിമാ വ്യവസായത്തെ മുഴുവന്‍ നിയന്ത്രിക്കുകയും, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വ്യക്തികളെ ഭരിക്കുകയും ചെയ്യുന്നു.
പരാതി കൈകാര്യം ചെയ്യാന്‍ ഐസിസിയില്‍ പ്രവര്‍ത്തിക്കുന്നവരെ അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
ഐസിസിയുടെ ഭാഗമായവരില്‍ ആരെങ്കിലും അധികാരത്തിലുള്ളവരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവരുടെ ഭാവി നശിപ്പിക്കുകയോ അവരെ സിനിമയില്‍ നിന്ന് തുടച്ചുനീക്കുകയോ ചെയ്യുന്നു.
ഡബ്ലുസിസിയില്‍ നിന്ന് അംഗത്വമെടുത്തതിന് മാത്രം സിനിമയില്‍ നിന്ന് പുറത്താക്കി. കഴിവുള്ള നടിമാരെയാണ് ഇങ്ങനെ പുറത്താക്കിയതെന്നും ഇക്കാര്യം ബോധ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംവിധായകനെതിരെ പരാതി പറയാൻ പോലും സിനിമയിൽ സ്ത്രീകൾക്ക് സാധ്യമല്ല. അങ്ങനെ പറഞ്ഞാൽ മിണ്ടാതെയിരിക്കാനും ‘അഡ്ജസ്റ്റ്’ ചെയ്യാനുമാണ് പറയുക.
എന്നാൽ പുരുഷ സൂപ്പർസ്റ്റാറുകൾക്കോ, സംവിധായകർക്കോ പ്രൊഡ്യൂസർക്കോ എന്ത് വേണമെങ്കിലും ചെയ്യാമെന്നും ആരും അവരെ ഒന്നും പറയില്ലെന്നും റിപ്പോർട്ടിൽ മൊഴിയുണ്ട്. അങ്ങനെ എന്തെങ്കിലും അനുഭവം പുറത്തുപറഞ്ഞാൽ സിനിമയിൽ ഇനിയൊരു അവസരം ലഭിക്കില്ലെന്ന് സ്ത്രീകൾ ഭയക്കുന്നുവെന്ന് മുതിർന്ന ഒരു നടിയുടെ മൊഴിയുണ്ട്.
‘നിലവിളിച്ചു കൊണ്ട് നായിക തന്റെ സഹായിയെ താമസിപ്പിച്ച തൊട്ടടുത്ത മുറിയിലേക്ക് ഓടി. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. സിനിമയിലുള്ളവരെ ഇക്കാര്യം അറിയിച്ചപ്പോള്‍ സംഭവത്തില്‍ പരാതി പറയുന്നത് സിനിമയെ ബാധിക്കുമെന്ന് അറിയിച്ചു.
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പൊലീസ് ഹോട്ടലില്‍ എത്തിയപ്പോള്‍ കാരവന്റെ ഡ്രൈവര്‍ അപ്രത്യക്ഷമാകുകയും പിന്നില്‍ അയാളെ സെറ്റില്‍ കാണാതാകുകയുമായിരുന്നു. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ ക്രിമിനല്‍ ഒരു ബോഡിയും പരിശോധിക്കുന്നില്ല.
അത് സ്ത്രീകള്‍ക്ക് വളരെയധികം പ്രശ്നങ്ങളും ആഴത്തിലുള്ള അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നു. അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പരാതി നല്‍കിയപ്പോള്‍ ഒരു നടപടിയും എടുത്തില്ലെന്നതാണ് ഏറ്റവും മോശപ്പെട്ട കാര്യം.
അത്തരം സമീപനങ്ങള്‍ സിനിമയിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഫിലിം അസോസിയേഷന് നല്‍കിയ പരാതികളില്‍ പ്രതികരണം ചോദിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.’റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിക്രമം കാട്ടിയവരില്‍ ഉന്നതരുണ്ടെന്നും നടിമാര്‍ക്ക് അത് തുറന്നു പറയാന്‍ ഭയമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാ മേഖല പുരുഷാധിപത്യമുള്ളതും ചുഴികള്‍ നിറഞ്ഞതുമാണ്. നടിമാര്‍ക്ക് ഇതെല്ലാം തുറന്നു പറയാന്‍ ഭയമാണ്.
വെളിപ്പെടുത്തലുകളിൽ ഞെട്ടിയെന്നും ഹേമ കമ്മിറ്റി വ്യക്തമാക്കുന്നു. ശുചിമുറി പോലും നിഷേധിക്കുന്ന സാഹചര്യമാണ്.
ജീവനെ ഭയന്നാണ് പൊലീസിനെ സമീപിക്കാത്തതെന്ന് നടിമാര്‍ മൊഴി നൽകി. പ്രതികരിക്കുന്നവര്‍ക്ക് രഹസ്യ വിലക്കുണ്ട്. വിധേയപ്പെട്ടില്ലെങ്കില്‍ ഭാവി തന്നെ നശിപ്പിക്കും. വഴങ്ങാത്തവരെ കഴിവില്ലെന്നു പറഞ്ഞ് ഒഴിവാക്കും.