കൊച്ചി: പോർട്ട്ബ്ലെയറില്‍ നിന്ന് മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ച് എയര്‍ ഏഷ്യ. ഈ വർഷം നവംബര്‍ 16 മുതല്‍ സർവീസ് ആരംഭിക്കാനാണ് തീരുമാനം. ക്വാലാലംപൂരിലേക്ക് ആഴ്ചയില്‍ മൂന്ന് തവണയാണ് എയര്‍ ഏഷ്യ സർവീസ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള എയർ ഏഷ്യയുടെ പതിനേഴാമത്തെ സർവീസ് റൂട്ടാണ് ഇത്. ഇന്ത്യയിലുടനീളമുള്ള നിരവധി നഗരങ്ങളില്‍ നിന്നായി ആഴ്ചയില്‍ 91 വിമാന സർവീസുകളാണ് എയര്‍ ഏഷ്യ നടത്തുന്നത്. എയര്‍ ഏഷ്യ 2024-ല്‍ മാത്രം മലേഷ്യയിലേക്കും തായ്‌ലണ്ടിലേക്കും കോഴിക്കോട് ഉള്‍പ്പെടെ പത്ത് പുതിയ റൂട്ടുകള്‍ ആരംഭിച്ചിട്ടുണ്ട്.
 ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ ഒരു ഗേറ്റ് വേ ആയി ക്വാലാലംപൂര്‍ മാറിയിട്ടുണ്ട്. ക്വാലാലംപൂരില്‍ നിന്നുള്ള എയര്‍ ഏഷ്യയുടെ വിപുലമായ നെറ്റ്‌വർക്ക് ഉപയോഗിച്ച് തന്നെ 130-ലധികം ലക്ഷ്യസ്ഥാനത്തേക്ക് ഇന്ത്യന്‍ യാത്രക്കാർക്ക് സഞ്ചരിക്കാനാവും.
 പോർട്ട്‌ ബ്ലെയറില്‍ നിന്ന് ക്വാലാലംപൂരിലേക്ക് സർവീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി എയര്‍ ഏഷ്യ പ്രമോഷണല്‍ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വശത്തേക്ക് മാത്രം 4,999 രൂപയാണ് തുടക്കത്തിലുള്ള നിരക്ക്. ഈ പ്രത്യേക നിരക്കുകള്‍ എയർ ഏഷ്യ മൂവ് ആപ്പിലും airasia.com എന്ന വെബ്സൈറ്റും ബുക്ക് ചെയ്യുമ്പോള്‍ ലഭ്യമാണ്. 2024 നവംബര്‍ 16നും 2025 ഒക്ടോബര്‍ എട്ടിനും ഇടയ്ക്ക് യാത്ര ചെയ്യാന്‍ 2024 ഓഗസ്റ്റ് 25 വരെ ഈ പ്രത്യേക നിരക്കുകളിൽ ബുക്ക് ചെയ്യാം. 2025 ജൂണ്‍ 30 വരെ മുപ്പതു ദിവസത്തെ സന്ദർശനത്തിനെത്തുന്ന എല്ലാ ഇന്ത്യക്കാരും മലേഷ്യയിലേക്ക് വിസാ രഹിത പ്രവേശനത്തിന് അർഹരാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *