തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് പി.കെ.ശശിക്കെതിരെ അന്വേഷണ കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകൾ. പാർട്ടി ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ശശി തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സിപിഎം പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളനം ഫണ്ടിൽ നിന്ന് 10 ലക്ഷവുമാണ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ശശിയുടേത് കമ്മ്യൂണിസ്റ്റ് ജീവിതശൈലിയല്ലെന്നും അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.
അതിനിടെ, ശശിക്കെതിരെ പാർട്ടി കടുത്ത നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും മാറ്റാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.
നിലവിൽ സിഐടിയു ജില്ലാ പ്രസിഡന്റും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമാണ് പി.കെ.ശശി. ഈ പദവികൾ നഷ്ടമാകും. ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനും തീരുമാനമായിട്ടുണ്ട്.