കോട്ടയം: നിക്ഷേപം നടത്തിയാല്‍ ഇരട്ടി ലാഭമുണ്ടാക്കാം, പന്ത്രണ്ട് മുതല്‍ 18 ശതമാനം പില വാഗ്ദാനം, സംസ്ഥാനത്ത് നിക്ഷേപ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു. ഹൈറിച്ച് മുതല്‍ പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഹീവാന്‍സ് നിധി ലിമിറ്റഡ് തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് കോടികളുടെ തട്ടിപ്പാണ് സംസ്ഥാനത്ത് നടന്നത്.
ഇതില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നത് തൃശൂര്‍ ജില്ലയിലാണെന്നതു ഞെട്ടിപ്പിക്കുന്നതാണ്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണു കൂടുതല്‍ തട്ടിപ്പുകളും അരങ്ങേറുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ തുക നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം തൃശൂരിനാണെന്നതാണ് മറ്റൊരു കൗതുകമായ വസ്തുത.
നിശ്ചിത തുക നിക്ഷേപം നടത്തിയാല്‍ രണ്ടിരട്ടിയും മൂന്നിരട്ടിയുമായി തിരിച്ചു നല്‍കുമെന്ന വാഗ്ദാനങ്ങളില്‍ പലരും വീണു പോവുകയാണ് ചെയ്യുന്നത്. പെട്ടന്നു സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്നതും ഇത്തരം തട്ടിപ്പ് സംരംഭങ്ങള്‍ക്കു കേരളത്തില്‍ വ്യാപക സ്വീകാര്യത ലഭിക്കുന്നതിനു കാരണമാകുന്നുണ്ട്.
തട്ടിപ്പിന്റെ ഹൈറിച്ച് മാതൃക
മണിചെയിന്‍ മാതൃകയില്‍ 3141 കോടി രൂപ തട്ടിയെടുത്തെന്ന ആരോപണം നേരിടുന്ന തൃശൂരിലെ ഹൈറിച്ച് കമ്പനി നടത്തിയത് ഇറ്റാലിയന്‍ വ്യവസായി ചാള്‍സ് പോന്‍സി 1920ല്‍ യു.എസില്‍ നടത്തിയതിനു സമാനമായ തിരിമറിയായിരുന്നു.
നിക്ഷേപകര്‍ക്കോ പൊതുജനങ്ങള്‍ക്കോ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു ഉല്‍പന്നവും നിര്‍മിച്ചു വില്‍പ്പന നടത്തി ലാഭമുണ്ടാക്കാതെ തന്നെ നിക്ഷേപകര്‍ക്ക് ആദ്യഘട്ടത്തില്‍ കൃത്യമായി ‘ലാഭ വിഹിതം’ നല്‍കി വിശ്വാസം ആര്‍ജിച്ചു പുതിയ നിക്ഷേപകരെ കൂട്ടത്തോടെ ആകര്‍ഷിക്കുന്ന മണിചെയിന്‍ പദ്ധതികളാണു (പോന്‍സി സ്‌കീമുകള്‍) ഹൈറിച്ച് നടപ്പിലാക്കിയത്.
ഒരാളില്‍ നിന്നു നിക്ഷേപം ശേഖരിച്ച ശേഷം അയാള്‍ക്കു നല്‍കാനുള്ള ലാഭവിഹിതവും കമ്പനിയുടെ ലാഭവും മറ്റു രണ്ടു പേരില്‍ നിന്നും നിക്ഷേപമായി വാങ്ങുന്നു. ഈ രണ്ടു പേര്‍ക്കു നല്‍കാനുള്ള ലാഭ വിഹിതം മറ്റു നാലുപേരില്‍ നിന്നും വാങ്ങുന്നു. ഇങ്ങനെ ഒന്ന് രണ്ടായും രണ്ട് നാലായും നാല് എട്ടായും എട്ട് പതിനാറായും നിക്ഷേപകരുടെ ചങ്ങല നീളുമ്പോള്‍ ഏതു നിമിഷവും ഈ വളര്‍ച്ച നിലയ്ക്കുന്ന സ്ഥിതിയുണ്ടാകും.
ഇതോടെ ചങ്ങലയുടെ അവസാന ഘട്ടത്തില്‍ കണ്ണിചേര്‍ന്ന 80% പേര്‍ക്കും പണം നഷ്ടപ്പെടും. പോന്‍സി സ്‌കീമുകള്‍ക്കെതിരെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിയമനിര്‍മാണം നടത്തിയതോടെ മണിചെയിന്‍ കമ്പനികള്‍ നിക്ഷേപത്തിന്റെ മൂല്യത്തിനു തുല്യമെന്ന് അവകാശപ്പെട്ട് എന്തെങ്കിലും ഉല്‍പന്നം കൂടി വില്‍ക്കാന്‍ തുടങ്ങി.
പലപ്പോഴും നിക്ഷേപത്തിന്റെ നാലിലൊന്നു മൂല്യമുള്ള ഉല്‍പ്പന്നങ്ങളാകും ഇങ്ങനെ വില്‍ക്കുന്നത്. നിയമനടപടി ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് ഒരു ഉല്‍പ്പന്നം കൈമാറുന്നത്. ഹൈറിച്ച് കമ്പനി ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പലചരക്കു സാധനങ്ങളാണ് ഇത്തരത്തില്‍ കൈമാറിയത്.
പന്ത്രണ്ടു ശതമാനം പലിശ
അമിത പലിശ വാഗ്ദനാം ചെയ്തു ജനങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിക്കുന്ന ധനകാര്യ സ്ഥാപനങ്ങളാണു തട്ടിപ്പു നടത്തുന്ന മറ്റൊരു കൂട്ടര്‍. കഴിഞ്ഞ ജൂലൈയിലാണ് തൃശൂരിലെ പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പീസിന്റെ പേരില്‍ നൂറു പേരില്‍ നിന്നായി 10 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് പുറത്താകുന്നത്.
പ്രവാസികളില്‍ നിന്നു 12 ശതമാനം പലിശ വാഗ്ദനാം ചെയ്തു നിക്ഷേപം സ്വീകരിച്ചു ശേഷമാണു തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുതലും പലിശയും ഇല്ലാതെ വന്നതോടെ നക്ഷേപകര്‍ പരാതി നല്‍കുകയായിരുന്നു. ഒരു ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ ഇങ്ങനെ നഷ്ടപ്പെട്ടവരുണ്ട്. തൃശൂരിലെ തന്നെ ഹീവാന്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്നു നിക്ഷേപ തട്ടിപ്പു നടത്തിയതിന് കെ.പി.സി.സി. സെക്രട്ടറി സി.എസ്. ശ്രീനിവാസനും കൂട്ടാളികളും അറസ്റ്റിലാകുന്നത്.
ഏഴുകോടിയിലധികം രൂപയുടെ തട്ടിപ്പാണ് ശ്രീനിവാസന്‍ നടത്തിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി നിക്ഷേപം സ്വീകരിച്ചു, കാലാവധി കഴിഞ്ഞിട്ടും തുക മടക്കി നല്‍കിയില്ല, തുടങ്ങിയ പരാതിയാണ് ശ്രീനിവാസനു നേരെ ഉയര്‍ന്നത്.
തൃശൂരിലെ ഗള്‍ഫ് ഇന്ത്യ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ കെ.വി അശോകനെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. മുന്‍ ജീവനക്കാരിയെക്കെണ്ട് ആധാരവും സ്വര്‍ണവും പണയംവെപ്പിച്ചു 11 ലക്ഷം രൂപ എടുപ്പിച്ചു, അശോകന്റെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനത്തില്‍ പണം നിക്ഷേപിക്കാന്‍ നിര്‍ബധിച്ചു, പിന്നീട് ആധാരവും സ്വര്‍ണവും തിരികെ ചോദിച്ച പരാതിക്കാരിക്കുനേരെ അതിക്രമം നടത്തി എന്നതടക്കുമുള്ള പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തട്ടിപ്പിന്റെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍
അത്യാകര്‍ഷകമായ പലിശയിലൂടെയാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നുണ്ട്. ഇന്ത്യന്‍ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ വെട്ടിപ്പുവാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇത്തരം സ്ഥാപനങ്ങളിലെ നിക്ഷേപം സുരക്ഷിതമാണോ ആശങ്ക ജനങ്ങള്‍ക്കുണ്ട്.
സഹകരണ സംഘങ്ങള്‍ക്ക് നിയമസാധുത ലഭിക്കുന്നത് സംസ്ഥാനത്തേയോ കേന്ദ്രത്തിലേയോ സഹകരണനിയമം അടിസ്ഥാനമാക്കി രജിസ്റ്റര്‍ ചെയ്യപ്പെടുമ്പോഴാണ്. സംസ്ഥാന സഹകരണ രജിസ്ട്രാറുടെ നിയന്ത്രണത്തിലാണ് സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍, ഡല്‍ഹിയിലെ കേന്ദ്ര സഹകരണ രജിസ്ട്രാറുടെ മാര്‍ഗനിര്‍ദേശങ്ങളാണ് മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ പാലിക്കുന്നത്. സാദാ സംഘങ്ങളുടെ പ്രവര്‍ത്തന പരിധി ഒരു സംസ്ഥാനത്തു മാത്രമായി പരിമിതപ്പെടുത്തുമ്പോള്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാം.
വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നായി 50 വ്യക്തികളെ അംഗങ്ങളാക്കിയോ പല സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ കൂട്ടിച്ചേര്‍ത്തോ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ രൂപീകരിക്കാം. അംഗങ്ങളോടു മാത്രമേ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് ഉത്തരവാദിത്തമുള്ളൂ. അതിനാല്‍ നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം നിക്ഷേപിക്കണമെന്നും നിക്ഷേപത്തിന് സര്‍ക്കാര്‍ ഗാരന്റി ഉണ്ടാകില്ല.
സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള സംസ്ഥാന സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാകില്ല. കേന്ദ്ര സഹകരണ നിയമത്തില്‍ കഴിഞ്ഞ വര്‍ഷം ചില പ്രധാന നിയമ ഭേദഗതി വരുത്തി, മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ പ്രവര്‍ത്തനം പരിഷ്‌കരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന തലത്തില്‍ പരാതി പരിഹാര സംവിധാനങ്ങള്‍ ഇല്ലെന്നതു പോരായ്മയാണ്.