പത്തനംതിട്ട: സി.പി.എം. തിരുവല്ല ഏരിയാ ഘടകത്തില്‍ സെക്രട്ടറിയായിരുന്ന ഫ്രാന്‍സിസ് വി. ആന്റണിക്ക് പിന്നാലെ ഏരിയാ കമ്മിറ്റിയംഗം കൊച്ചു പ്രകാശ് ബാബു, തിരുവല്ല ടൗണ്‍ നോര്‍ത്ത് എല്‍.സി. സെക്രട്ടറി കെ.കെ. കൊച്ചുമോന് എന്നിവരെയും സ്ഥാനത്ത് നിന്ന് നീക്കി. ജില്ലാ സെക്രട്ടറിയേറ്റിന്റെയാണ് തീരുമാനം.
അഡ്വ. കെ. അനന്തഗോപന്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന കാലത്ത് ദേവസ്വം ബോര്‍ഡിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പാര്‍ട്ടി അംഗത്തിന്റെ മകനില്‍ നിന്നുള്‍പ്പെടെ പണം തട്ടിയ സംഭവത്തില്‍ ജില്ലാ കമ്മിറ്റിക്ക് ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രകാശ് ബാബുവിനെ ഏരിയാ കമ്മിറ്റി അംഗത്വത്തില്‍നിന്ന് നീക്കിയത്. ഫ്രാന്‍സിസ് വി. ആന്റണി ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ക്ക് എതിരേ വ്യാജ പരാതി നല്‍കിയെന്നതിന്റെ അടിസ്ഥാനത്തിലാണ് കെ.കെ. കൊച്ചുമോനെ എല്‍.സി. സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്.