കോട്ടയം: ജസ്ന തിരോധാനക്കേസിൽ പുതിയ വഴിത്തിരിവ്. ജസ്നയോട് സാമ്യമുളള പെൺകുട്ടി മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നുവെന്ന മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ സിബിഐ പരിശോധിക്കും.
ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്ത് ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് സിബിഐ ശ്രമം. തിരുവനന്തപുരത്തുളള സിബിഐ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
കാണാതാകുന്നതിന് ദിവസങ്ങൾക്കു മുൻപ് അജ്ഞാതനായ യുവാവിനൊപ്പം ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ ലോഡ്ജിൽ കണ്ടുവെന്നാണ് ജീവനക്കാരി പറഞ്ഞത്. എവിടെയോ ടെസ്റ്റ് എഴുതാൻ പോവുകയാണെന്നാണ് തന്നോട് പറഞ്ഞത്.
കൂട്ടുകാരനെ കാത്തുനിൽക്കുകയാണെന്ന് പറഞ്ഞു. രാവിലെ 11.30നാണ് കാണുന്നത്. പയ്യൻ വന്നു, 102-ാം നമ്പർ മുറിയെടുത്തു. 4 മണി കഴിഞ്ഞാണ് രണ്ടുപേരും പോയതെന്ന് ജീവനക്കാരി വെളിപ്പെടുത്തിയിരുന്നു.
ഈ ലോഡ്ജിനു സമീപത്തെ വസ്ത്രസ്ഥാപനത്തിലെ സിസിടിവിയാണ് ജസ്നയുടെ അവസാന ദൃശ്യങ്ങൾ പതിഞ്ഞത്. വസ്ത്ര സ്ഥാപനത്തിലേക്ക് കയറുന്നതും റോഡിലൂടെ പോകുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചത്.
2018 മാര്‍ച്ചിലാണ് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക് കോളേജ് വിദ്യാത്ഥിനി ജസ്നയെ കാണാതായത്.