കൊച്ചി: ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും തൊണ്ണൂറുകളുടെ അവസാന ഘട്ടത്തിലും ജനിച്ച ജെനറേഷന് സെഡ് വിഭാഗത്തില്‍ പെട്ട കുട്ടികളില്‍ ഭാവിയെ കുറിച്ചുള്ള ആശങ്ക ഒട്ടും തന്നെയില്ലെന്ന് ഇവരുടെ സ്വപ്നങ്ങളേയും കരിയര്‍ പ്രതീക്ഷകളേയും കുറിച്ച് സൈബര്‍ മീഡിയ റിസര്‍ച്ചുമായി ചേര്‍ന്ന് പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ആയ ഐക്യു സംഘടിപ്പിച്ച സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഈ വിഭാഗത്തില്‍ പെട്ട കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ ശക്തമായ പിന്തുണ ലഭിക്കുന്നതായും സര്‍വേ വെളിപ്പെടുത്തുന്നു.
ഇന്ത്യ, അമേരിക്ക, യുകെ, ബ്രസീല്‍, മലേഷ്യ, തായ്ലാന്റ്, ഇന്തോനേഷ്യ എന്നീ ഏഴു രാജ്യങ്ങളിലെ 20-24 വയസുകാര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ഒരു വര്‍ഷം മാറി നില്‍ക്കുന്നത് തങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ സഹായകമാകുമെന്ന് ക്വസ്റ്റ് ഇന്‍ഡെക്സ് എന്ന പേരിലെ ഈ സര്‍വേയില്‍ പങ്കെടുത്ത 84 ശതമാനം പേര് അഭിപ്രായപ്പെട്ടു.
തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വമൊന്നുമില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 100 ശതമാനം പേരും പ്രതികരിച്ചത്. കേരളത്തില്‍ നിന്നു സര്‍വേയില്‍ പങ്കെടുത്ത 92 ശതമാനം പേരും തങ്ങളുടെ ഭാവിയെ കുറിച്ചു ശുഭപ്രതീക്ഷയുള്ളവരാണ്. വിദ്യാഭ്യാസം, പരിശീലനം എന്നിവ ലഭിക്കാനുള്ള പരിമിതമായ സൗകര്യങ്ങള്‍ പ്രശ്നമാണെന്ന് കേരളത്തിലെ 60 ശതമാനം പേര് പറയുന്നു. ഏറ്റവും പുതിയ പ്രവണതകളും മുന്നേറ്റങ്ങളും മനസിലാക്കാന്‍ സാങ്കേതികവിദ്യ തങ്ങളെ സഹായിച്ചതായി കേരളത്തില്‍ നിന്നു സര്‍വേയില്‍ പങ്കെടുത്ത 77 ശതമാനം പേരും ചൂണ്ടിക്കാട്ടുന്നു. സന്തോഷവും മൊത്തത്തിലുള്ള ക്ഷേമവുമാണ് പ്രധാനപ്പെട്ടതെന്നാണ് 98 ശതമാനം പേരും അഭിപ്രായപ്പെട്ടത്.
തങ്ങളുടെ കരിയറില്‍ വിജയിക്കാനായി ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാണെന്ന് ആഗോള തലത്തില്‍ 46 ശതമാനം പേരുംഅഖിലേന്ത്യാ തലത്തില്‍ 43 ശതമാനം പേരും വെളിപ്പെടുത്തി. തങ്ങളുടെ എല്ലാ ആശയവിനിമയങ്ങളിലും ജെനറേഷന് സെഡിനെ പ്രതിധ്വനിപ്പിക്കുന്നതാണ് ഐക്യുവിന്റെ രീതിയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐക്യു ഇന്ത്യ സിഇഒ നിപുണ്‍ മാര്യ പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ 23 വയസുകാരനായ ചീഫ് ഗെയിമിങ് ഓഫിസറെ കഴിഞ്ഞ വര്‍ഷം ഐക്യു നിയമിച്ചതും അദ്ദേഹം ഓര്‍മിപ്പിച്ചു.
ജെനറേഷന് സെഡിനെ കുറിച്ച് ആഴത്തിലുള്ള അറിവുകള്‍ നല്‍കുന്നതാണ് ഈ റിപോര്ട്ടന്നും അവര്‍ക്ക് കൂടുതല്‍ ഫലപ്രദമായ സേവനങ്ങള്‍ നല്കാന് അതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ സങ്കീര്‍ണമായതും ഡിജിറ്റലായി മുന്നോട്ടു പോകുന്നതുമായ ഇന്നത്തെ കാലത്ത് യുവാക്കള്‍ മുന്‍പില്ലാത്ത വെല്ലുവിളികളാണു നേരിടുന്നതെന്ന് സൈബര്‍മീഡിയ റിസര്‍ച്ച് വൈസ് പ്രസിഡന്റ് പ്രഭുറാം പറഞ്ഞു. യുവാക്കളുടെ ചിന്താഗതികളെ കുറിച്ച് കൂടുതല്‍ ഉയര്‍ന്ന തലത്തിലുള്ള അറിവു നല്‍കുന്നതാണ് ഐക്യുവിനു വേണ്ടി തയ്യാറാക്കിയ ക്വസ്റ്റ് റിപോര്‍ട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.