തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ, സ്വാശ്രയ മേഖലകളിലായി 4505 എം.ബി.ബി.എസ്. സീറ്റുകളിൽ ദേശീയ മെഡിക്കൽ കമ്മിഷൻ പ്രവേശനാനുമതി നൽകി. കമ്മിഷന്റെ നേരിട്ടുള്ള പരിശോധനകൾക്കും മാനേജ്‌മെന്റുകളുമായുള്ള കൂടിക്കാഴ്ചകൾക്കുംശേഷമാണ് സീറ്റുപട്ടിക പ്രസിദ്ധീകരിച്ചത്.
പരിശോധനയിൽ കണ്ട കുറവുകൾ പരിഹരിക്കാൻ മാനേജ്‌മെന്റുകൾക്ക് സമയം അനുവദിച്ചിരുന്നു. അതേസമയം, പിഴയൊടുക്കണമെന്ന കമ്മിഷൻ നിർദേശം പാലിക്കാത്ത കോളേജുകൾക്ക് അഖിലേന്ത്യാ തലത്തിൽത്തന്നെ സീറ്റ് വർധനയും മറ്റും അനുവദിച്ചിട്ടില്ല.
കേരളത്തിൽ സർക്കാർ, സ്വാശ്രയ മേഖലകളിലായി 32 മെഡിക്കൽ കോളേജുകളാണുള്ളത്. സർക്കാർ മേഖലയിലെ 12 കോളേജുകളിലായി 1755 സീറ്റുകളിൽ പ്രവേശനാനുമതി നൽകിയിട്ടുണ്ട്. സ്വാശ്രയ കോളേജുകളിൽ 2750 സീറ്റുകളാണുള്ളത്. കഴിഞ്ഞവർഷവും 4505 സീറ്റുകൾക്കായിരുന്നു അനുമതി.
ഈയാഴ്ചയോടെ അഖിലേന്ത്യാ ക്വാട്ടാ സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സംസ്ഥാനത്തെ പ്രവേശന നടപടികളിൽ 21 മുതൽ 29 വരെയാണ് ആദ്യ കൗൺസലിങ്.
മെഡിക്കൽ, ആയുർവേദ പ്രവേശനത്തിന് നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ റാങ്ക് പട്ടിക പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാറ്റഗറി, കമ്യൂണിറ്റി സംവരണം തുടങ്ങിയവരുടെ കാറ്റഗറി പട്ടികയും പ്രസിദ്ധീകരിച്ചു. ഒക്ടോബർ ആദ്യം ക്ലാസുകൾ ആരംഭിക്കുന്ന രീതിയിലാണ് സമയക്രമം.
സ്വാശ്രയ കോളേജുകളിൽ 85 ശതമാനം സീറ്റുകളിലേക്ക് കഴിഞ്ഞവർഷം നിശ്ചയിച്ചു നൽകിയിട്ടുള്ള വാർഷികഫീസ് 7.34 ലക്ഷം മുതൽ 8.44 ലക്ഷം വരെയാണ്. 15 ശതമാനം എൻ.ആർ.ഐ. സീറ്റുകളിൽ 20.86 ലക്ഷവും നിശ്ചയിച്ചിരുന്നു. ഓരോ വർഷവും ഫീസിൽ ആനുപാതിക വർധന അനുവദിക്കാറുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *