പാലാ: കര്‍ഷകര്‍ ഒന്നായി നില്‍ക്കേണ്ട സാഹചര്യമുണ്ടെന്നും കൃഷിയും കര്‍ഷകരുമാണ് ഈ ലോകത്തെ നിലനിര്‍ത്തുന്നതെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഇന്‍ഫാം പാലാ കാര്‍ഷികജില്ലയുടെ ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക  ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍ഫാമും പാലാ രൂപതയിലെ സാമൂഹ്യ സംഘടനകളും കൈകോര്‍ത്ത് കര്‍ഷകോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു.

കാഞ്ഞിരപ്പള്ളി രൂപതയില്‍ മലനാട് ഡെവലപ്മെന്‍റ് സൊസൈറ്റിയും ഇന്‍ഫാമും ചേര്‍ന്ന് അനവധി കാര്‍ഷികോപകാര പ്രദമായ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന മോഡലില്‍ പാലാ രൂപതയുടെ അഗ്രിമ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ഇന്‍ഫാമുമായി സഹകരിച്ച് കര്‍ഷകര്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ക്കു തുടക്കം കുറിക്കുമെന്ന സൂചനയാണ് മാര്‍ കല്ലറങ്ങാട് നല്കിയത്. 

കാഞ്ഞിരപ്പള്ളിയില്‍ ഇന്‍ഫാമും മലനാടും ചേര്‍ന്ന് മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്ന വില കര്‍ഷകര്‍ക്ക് നല്കി  പച്ചക്കപ്പ, ഏത്തക്കായ എന്നിവ സംഭരിക്കുകയും ഇവ ഉപ ഉത്പന്നങ്ങളാക്കി മാറ്റി മാര്‍ക്കറ്റ് വിലയിലും കുറഞ്ഞ വിലയില്‍ മലനാട് ഡെവലപ്മെന്‍റ് സൊസൈറ്റി വഴി വില്‍പ്പന നടത്തുകയും ചെയ്തത് ഏറെ പ്രശംസ നേടിയിരുന്നു.

പാലായില്‍ ഉള്‍പ്പെടെ പച്ച കപ്പയ്ക്ക് വില കുറഞ്ഞപ്പോഴും കാഞ്ഞിരപ്പള്ളിയില്‍ കഴിഞ്ഞ വര്‍ഷം കപ്പ വില താഴ്ന്നിരുന്നില്ല. ഇതേ മാതൃക ഇന്‍ഫാമുമായി കൈകോര്‍ത്ത് പാലായിലും നടപ്പിലാക്കുന്നതിനുള്ള സാധ്യതകളാണ് പാലാ രൂപതാ ആലോചിക്കുന്നത്.

കേരളത്തിന്‍റെ കാര്‍ഷിക സംസ്കാരം പാലായുടെ സംഭാവന
ഒരു കാലത്ത് പാലായിലും പരിസര പ്രദേശത്തുനിന്നും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്ക് കുടിയേറിയ കര്‍ഷകരാണ് കേരളത്തിന്‍റെ തനത് കാര്‍ഷിക സംസ്കാരത്തിന്‍റെ സൃഷ്ടാക്കളെന്ന് യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
കാര്‍ഷിക കേരളത്തിന്‍റെ പാരമ്പര്യ തനിമ പാലാക്കാരുടെ സ്വന്തമാണ്. കാര്‍ഷിക കേരളത്തിന്‍റെ തറവാടാണ് പാലാ. സുസ്ഥിരവും സുസംഘടിതവുമായ ഒരു കാര്‍ഷിക സമൂഹത്തെ കെട്ടിപ്പടുക്കുകയാണ് ഇന്‍ഫാമിന്റെ ലക്ഷ്യമെന്നും ആ മുന്നേറ്റത്തില്‍ പാലാക്കാരായ കര്‍ഷകര്‍ നേതൃത്വം വഹിക്കണമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.

മണ്ണിന്റെ ഫലപൂയിഷ്ടതയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും ഉയര്‍ത്തുന്നതു വഴി കര്‍ഷകരുടെ ജീവിതാന്തസ് ഉയര്‍ത്താനാകുമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു. 

പാലാ കാര്‍ഷിക ജില്ല പ്രസിഡന്റ് ഡോ. കെ.കെ. ജോസ് കരിപ്പാക്കുടിയില്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫാം മെമ്പര്‍മാരായിട്ടുളള കര്‍ഷകര്‍ക്കുള്ള കാര്‍ഡുകളുടെ വിതരണവും യോഗത്തില്‍ നടന്നു.
ഇന്‍ഫാം പാലാ കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍, പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കയില്‍, ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, കാര്‍ഷിക ജില്ല വൈസ് പ്രസിഡന്റ് ഉണ്ണിക്കുഞ്ഞ്, ജോര്‍ജ് വെള്ളൂക്കുന്നേല്‍, കാര്‍ഷിക ജില്ല സെക്രട്ടറി തോമസ് മറ്റം എന്നിവര്‍ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed