തിരുവനന്തപുരം: പുതിയ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയ്ക്ക് ഡി.ജി.പി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയത് അത്യപൂർവമായ ഒരു വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. കേരളാ പോലീസിലെ ഏറ്റവും സീനിയർ ഡിജിപിയായ നിഥിൻ അഗർവാളിനെ, ബി.എസ്.എഫ് മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കിയ കേന്ദ്രസർക്കാർ അദ്ദേഹത്തെ നിർബന്ധപൂർവ്വം കേരളാ കേഡറിലേക്ക് തിരിച്ചയച്ചിരുന്നു.
നിഥിൻ അഗർവാൾ ഇതുവരെ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. നിഥിൻ എന്ന് കേരളാ കേഡറിൽ റിപ്പോർട്ട് ചെയ്യുന്നോ അന്ന്, തന്നെ ഡിജിപി റാങ്കിൽ നിന്ന് തരംതാഴ്ത്താമെന്ന് സർക്കാരിനെ അറിയിച്ച ശേഷമാണ് യോഗേഷിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയത്.
ഇക്കാര്യം മുഖ്യമന്ത്രിയെ കണ്ട് യോഗേഷ് അറിയിക്കുകയായിരുന്നു. നിഥിൻ അഗർവാൾ ഒക്ടോബർ അവസാനം കേരളത്തിൽ തിരിച്ചെത്തുമെന്നാണ് സൂചന. അതുവരെ ഡിജിപി തസ്തിക ഒഴിച്ചിടേണ്ടെന്ന നിഗമനത്തിൽ വ്യവസ്ഥകളോടെ സർക്കാർ യോഗേഷിനെ ഡിജിപിയായി പ്രൊമോട്ട് ചെയ്യുകയായിരുന്നു.
205400- 224400 ശമ്പള സ്കെയിലോടെയാണ് യോഗേഷിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയത്. 1993 ബാച്ചുകാരനായ യോഗേഷിന് 2030 ഏപ്രിൽ വരെ സർവീസുണ്ട്. മുംബയ് സ്വദേശിയാണ്. വിജിലൻസ് മേധാവിയായിരുന്ന ടി.കെ.വിനോദ് കുമാർ സ്വയം വിരമിച്ച ഒഴിവിലാണ് സ്ഥാനക്കയറ്റം.
അഞ്ചു വർഷം സി.ബി.ഐയിലും ഏഴു വർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും (ഇ.ഡി) പ്രവർത്തിച്ചിട്ടുണ്ട്. അഴിമതിയും തട്ടിപ്പുകളും പിടികൂടുന്നതിൽ മികവുകാട്ടിയ യോഗേഷിന് വിശിഷ്ട, സ്തുത്യർഹ സേവനങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലുകൾ ലഭിച്ചിട്ടുണ്ട്.
ഇ.ഡിയുടെ കിഴക്കൻമേഖലാ സ്പെഷ്യൽഡയറക്ടറായിക്കെ, രാജ്യത്തെ പിടിച്ചുലച്ച ബംഗാളിലെ ശാരദാ, റോസ്വാലി, സീഷോർ ചിട്ടിതട്ടിപ്പുകൾ, നാരദാ കോഴടേപ്പ്, ബേസിൽ നിക്ഷേപതട്ടിപ്പ് കേസുകൾ അന്വേഷിച്ചതും ഉന്നത രാഷ്ട്രീയക്കാരെ അകത്താക്കിയതും ഗുപ്തയുടെ നേതൃത്വത്തിലാണ്.
പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്, ഫയർഫോഴ്സ് മേധാവി കെ.പദ്മകുമാർ, സഞ്ജീവ് കുമാർ പട്ജോഷി എന്നിവർക്കാണ് ഡിജിപി പദവിയുള്ളത്. ഒരു ഒഴിവിലാണ് യോഗേഷിന് സ്ഥാനക്കയറ്റം നൽകിയത്.
കേരള കേഡറിലെ ഏറ്റവും സീനിയറായ നിതിൻ അഗർവാൾ തിരിച്ചെത്തുമ്പോൾ എ.ഡി.ജി.പിയാക്കി റാങ്ക് കുറച്ചാലും കുഴപ്പമില്ലെന്ന് യോഗേഷ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സഞ്ജീവ് പട്ജോഷി ജനുവരിയിൽ വിരമിക്കുമ്പോൾ ഒരു ഡിജിപി റാങ്ക് ഒഴിവുവരും. അപ്പോൾ യോഗേഷിന്റെ ഡിജിപി റാങ്കിൽ ഉറപ്പുണ്ടാവും.
പാകിസ്ഥാൻ അതിർത്തിയിൽ ഭീകരരുടെയും പാക് സൈനിക കമാൻഡോകളുടെയും നുഴഞ്ഞുകയറ്റം തടയുന്നതിൽ വീഴ്ചവരുത്തിയതിനെത്തുടർന്നാണ് അതിർത്തി രക്ഷാസേനയുടെ (ബി.എസ്.എഫ്) ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്ന് കേന്ദ്രം നിഥിൻ അഗർവാളിനെ നിർബന്ധപൂർവം കേരളാ കേഡറിലേക്ക് തിരിച്ചയച്ചത്.
നിഥിനേക്കാൾ ഏറെ ജൂനിയറായ ഷേഖ് ദർവേഷ് സാഹിബ് പോലീസ് മേധാവി ആയതിനാൽ നിഥിനെ പോലീസിൽ നിയമിക്കില്ല. പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപറേഷന്റെ എം.ഡിയുടെ ചുമതലയായിരിക്കും നൽകുക. ഡിജിപി റാങ്കുള്ള നിതിൻ തിരിച്ചെത്തുമ്പോൾ പൊലീസിലെ ഏറ്റവും സീനിയറാവും.
നിതിനെതിരേ കേന്ദ്രസർക്കാരിന്റെ അച്ചടക്ക നടപടിയുടെ ഭാഗമായുള്ള വകുപ്പുതല അന്വേഷണവും നടക്കുന്നതായാണ് സൂചന. 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് നിതിൻ. ഡൽഹി ഐ.ഐ.ടിയിൽ നിന്ന് ബി.ടെക്കും എം.ടെക്കും നേടിയ നിതിൻ റെയിൽവേ സിഗ്നൽ എൻജിനിയറായിരുന്നു. മികച്ച ടെന്നിസ് കളിക്കാരനുമാണ്. സി.ആർ.പി.എഫിൽ അഡി.ഡയറക്ടർ ജനറലായി (ഓപ്പറേഷൻസ്) പ്രവർത്തിക്കുകയായിരുന്നു.
നിതിൻ അഗർവാളിനെ നിർബന്ധപൂർവം കേരളാ കേഡറിലേക്ക് തിരിച്ചയച്ച നടപടി അപൂർവവും അസാധാരണവുമായിരുന്നു. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ ക്യാബിനറ്റ് അപ്പോയ്ന്റ്മെന്റ്സ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
2023 ജൂണിൽ ബി.എസ്.എഫ് മേധാവിയായ നിതിന് 2023 ജൂലായ് 30വരെ തുടരാമായിരുന്നു. കാശ്മീരിലെ അതിർത്തി കാക്കുന്നത് ബി.എസ്.എഫാണ്. സേനയിൽ അഗർവാളിന് നിയന്ത്രണമില്ലാതായെന്നും മറ്റ് സേനകളുമായുള്ള ഏകോപനം പാളിയെന്നും കണ്ടെത്തിയാണ് കേന്ദ്രനടപടി.
2 മാസത്തിനിടെ അതിർത്തിയിൽ നുഴഞ്ഞുകയറിയുള്ള അക്രമങ്ങൾ വർദ്ധിച്ചിരുന്നു. സ്പെഷ്യൽ ഡയറക്ടറായിരുന്ന വൈ.ബി ഖുറാനിയെ ഒഡിഷ കേഡറിലേക്ക് തിരിച്ചയച്ചു. 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ നിതിൻ അഗർവാളിനെ സംസ്ഥാന പൊലീസ് മേധാവിയാക്കാൻ നേരത്തേ പരിഗണിച്ചിരുന്നു. സീനിയറായ നിതിന്റെ പേര് പട്ടികയിൽ മുന്നിലായിരുന്നു. കേന്ദ്ര സർവീസിലായതിനാൽ സംസ്ഥാനത്തേക്ക് തിരിച്ചെത്താൻ അദ്ദേഹം സന്നദ്ധനായിരുന്നില്ല.