തൃശൂർ: വാട്സ് ആപ്പിലൂടെ പരിചയപ്പെട്ട് നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് അരക്കോടിയിലധികം രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസിൽ നാല് പേർ പിടിയിലായി. ഒല്ലൂർ സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്.
മലപ്പുറം എടരിക്കോട് ചിതലപ്പാറ സ്വദേശി എടക്കണ്ടൻ വീട്ടിൽ അബ്ദുറഹ്മാൻ (25), എടക്കോട് പുതുപറമ്പ് സ്വദേശി കാട്ടികുളങ്ങര വീട്ടിൽ സാദിഖ് അലി (32), കുറ്റിപ്പുറം സ്വദേശി തടത്തിൽ വീട്ടിൽ ജിത്തു കൃഷ്ണൻ (24), കാട്ടിപ്പറത്തി കഞ്ഞിപ്പുര സ്വദേശി ചെറുവത്തൂർ വീട്ടിൽ രോഷൻ റഷീദ് (26) എന്നിവരെയാണ് തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് അന്വേഷണ സംഘം പിടികൂടിയത്.
‘ഗോള്‍ഡ്മാന്‍ സച്ച്സ്’ എന്ന കമ്പനിയുടെ പേര് പറഞ്ഞായിരുന്നു തട്ടിപ്പ്. കമ്പനിയുടെ അധികാരികളാണെന്നും ട്രേഡിംഗ് ടിപ്സ് പറഞ്ഞുതരാമെന്നും വിശ്വസിപ്പിച്ചാണ് യുവതിയുമായി പരിചയപ്പെട്ടത്. പിന്നീട് ട്രേഡിംഗിന്റെ ഭാഗമെന്ന് പറഞ്ഞ് മറ്റൊരു വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും ചെയ്തു. കൂടുതൽ പണം ഉണ്ടാക്കാമെന്ന് യുവതിയെ വിശ്വാസിപ്പിക്കുന്ന പ്രവർത്തനങ്ങളായിരുന്നു ഈ ഗ്രൂപ്പിൽ നടന്നത്.
ഇവരുടെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച യുവതി പല ഘട്ടങ്ങളിലായി പണം നിക്ഷേപിക്കുകയായിരുന്നു. കൂടുതൽ വിശ്വാസം നേടുന്നതിനായി ലാഭവിഹിതമെന്ന പേരിൽ ഒരു തുക യുവതിക്ക് കമ്പനി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. അങ്ങനെ 57,09,620 രൂപയാണ് യുവതി നിക്ഷേപിച്ചത്. കിട്ടിയ ലാഭവിഹിതവും കഴിച്ചുള്ള 55,80,620 രൂപയാണ് തട്ടിപ്പിൽ നഷ്ടപെട്ടത്.