ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനായി പുഴയിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഡ്രജർ കൊണ്ടുവരുന്നതിൽ ഇപ്പോഴും അനിശ്ചിതത്വം. ഒരു കോടിയോളം മുടക്കി ഗോവയിൽ നിന്ന് യന്ത്രം എത്തിക്കണോ എന്നതിൽ ഇനിയും തീരുമാനമായില്ല. മണ്ണ് നീക്കിയാലും കാണാതായവരുടെ ശരീരം കിട്ടുമെന്നുറപ്പില്ലാതിരിക്കെ, ഇത്തരത്തിൽ സർക്കാർ വൻതുക മുടക്കണോ എന്നതാണ് ഉത്തര കന്ന‍ഡ ജില്ലാ ഭരണകൂടത്തിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. അതേസമയം ഷിരൂർ ദൗത്യത്തിൻറെ തുടർ നടപടികൾ ആലോചിക്കുന്നതിനായി ഇന്ന് ഉന്നതതല യോഗം നടക്കും.
മലയാളി ലോറി ഡ്രൈവർ അർജുനെ കൂടാതെ ഷിരൂരുകാരായ ജഗന്നാഥ്, ലോകേഷ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഗംഗാവലി പുഴയിലേക്ക് വീണവരുടെ ശരീരങ്ങൾ എട്ടും പത്തും കിലോമീറ്ററുകൾ അകലെ തീരത്തടിഞ്ഞിരുന്നു. എന്നാൽ ഇന്നലെയാണ് പുഴയിലിറങ്ങിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിയത്. ഡ്രജർ എത്തിച്ചശേഷം മതി തിരച്ചിലെന്നായിരുന്നു തീരുമാനം. അതേസമയം ഡ്രജർ എത്താൻ ഇനി അഞ്ച് ദിവസം കൂടി എടുക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞിരുന്നു.
പക്ഷെ ഷിരൂരിൽ വൃഷ്ടിപ്രദേശത്തെ മഴ കാരണം ഗംഗാവലി പുഴയിലെ ഒഴുക്ക് വർധിക്കാനും തുടങ്ങിയിട്ടുണ്ട്. പുഴയിലെ വെള്ളം കലങ്ങിയ നിലയിലായി. ഇതോടെ പുഴയ്ക്ക് അടിയിൽ കാഴ്ച ഇല്ലാത്തതിനാൽ മുങ്ങിയുള്ള തിരച്ചിൽ ബുദ്ധിമുട്ടാണെന്ന് ഈശ്വർ മൽപെയും പറഞ്ഞു. എന്നാൽ ഇതുവരെ പുഴയിൽ നടത്തിയ തിരച്ചിലിൽ ലോറിയുടെ ലോഹഭാഗങ്ങളും ലോറിയിൽ ഉപയോഗിച്ച കയറും മാത്രമാണ് കണ്ടെത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *