കോട്ടയം: ജില്ലയില്‍ ഇന്നലെയുണ്ടായിരുന്നത് മഞ്ഞ അലെര്‍ട്ട് കൂട്ടിക്കലില്‍ പെയ്തത് റെഡ് അലെര്‍ട്ടിനു സമാനമായ മഴ. റിവര്‍ ആന്‍ഡ് റെയിന്‍ മോണിറ്ററിങ് കൂട്ടിക്കല്‍ ക്ലൈറ്റ് ആക്ഷന്‍ ഗ്രൂപ്പും സെന്റ് ജോര്‍ജ് ഹൈ സ്‌കൂളില നല്ല പാഠം പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളും ശേഖരിച്ച കണക്കിലാണ് കൂട്ടിക്കലിലെ വിവിധ ഭാഗങ്ങളില്‍ റെഡ് അലേര്‍ട്ടിന് സമാനമായ മഴ പെയ്തിറങ്ങിയതായി കണ്ടെത്തിയത്.
പാറത്താനം 232.2 എം.എം. (മില്ലിമീറ്റര്‍), വല്ലീറ്റ 210.8 എം.എം., കാവാലി 223.6 എം.എം., മുണ്ടപ്പള്ളി 178.4 എം.എം., ഒളയനാട് 127.4 എം.എം., കൂട്ടിക്കല്‍ ടൗണ്‍ 215 എം.എം., ചപ്പാത്ത് 218 എം.എം., കപ്പിലമ്മൂട് 137.4 എം.എം., താളുങ്കല്‍ 226.4 എം.എം, കുപ്പായക്കുഴി 140.4 എം.എം., ഇളംകാട് 141.6 എം.എം. എന്നിങ്ങനെയാണ് മഴക്കണക്ക്.
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളപ്പോഴാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറില്‍ 204.4 എം.എമ്മില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അര്‍ഥമാക്കുന്നത്.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കണം. ദുരന്തസാധ്യതാ മേഖലയില്‍നിന്ന് എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറ്റി താമസിപ്പിക്കണം. മാറി താമസിക്കാന്‍ തയാറാകാത്തവരെ ആവശ്യമെങ്കില്‍ നിര്‍ബന്ധമായി മാറ്റി താമസിപ്പിക്കണം. രക്ഷാസേനയെ വിന്യസിക്കുക, ക്യാമ്പുകള്‍ ആരംഭിക്കുക തുടങ്ങിയ എല്ലാവിധ നടപടിക്രമങ്ങളും റെഡ് അലേര്‍ട്ട് നല്‍കിയാല്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദേശം.
എന്നാല്‍, റെഡ് അലര്‍ട്ട് ഇല്ലാതിരുന്നിട്ടും കൂട്ടിക്കലില്‍ അതിതീവ്ര മഴ പെയ്തു. ലഘുമേഘ വിസ്‌ഫോടനത്തിനു സമാനമായ പ്രതിഭാസമാണിത്. വളരെ ചുരുങ്ങിയ പ്രദേശങ്ങളില്‍ അതിതീവ്ര മഴയ്ക്കു ഇത്തം പ്രതിഭാസം കാരണമാകും. മലവെള്ളപ്പാച്ചിലിനും മുന്നറിയിപ്പില്ലാതെയുണ്ടാകുന്ന വെള്ളപ്പൊക്കങ്ങള്‍ക്കും മറ്റനേകം നാശനഷ്ടങ്ങള്‍ക്കും ഇത്തരം മഴ കാരണമായിത്തീരാം.
ഒരു ഭൂപ്രദേശത്തെ വളരെ പെട്ടെന്ന് പ്രളയത്തിലാഴ്ത്താന്‍ ഇത്തരം പ്രതിഭാസത്തിനു കഴിയും. അത്രയ്ക്ക് വെള്ളമാണ് പെട്ടെന്ന് പെയ്തിറങ്ങുക. കൂട്ടിക്കലിലെ മലവെള്ള പാച്ചിലിനു കാരണമായതും ഇതാണ്. വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനും വഴിവെച്ചതും ഇത്തരം മഴയാണ്. തുടര്‍ച്ചയായ അതിതീവ്രമഴ പെയ്യുന്ന സാഹചര്യത്തില്‍ അധികൃതരുടെ മുന്നറിയിപ്പു കൂടാതെ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുക എന്നതാണ് ഉചിതം.