കൊച്ചി: റിപോർട്ടർ ടി.വിയുടെ പ്രസിഡന്റ് അനിൽ അയിരൂർ സീ കേരളം ചാനലിലേക്ക്. ഫ്ളവേഴ്സ് ട്വന്റി ഫോർ ചാനലുകളുടെ ചീഫ് എക്സിക്യൂട്ടിവ് ആയിരിക്കെ ആർ. ശ്രീകണ്ഠൻ നായരുമായി തെറ്റിപ്പിരിഞ്ഞ് റിപോർട്ടർ ടിവി ഏറ്റെടുത്ത അനിൽ അയിരൂർ ഇന്നലെ അവിടെ നിന്ന് പടിയിറങ്ങി.
സീ കേരളം വിനോദ ചാനലിൻെറ തലവനായിട്ടാണ് അനിൽ അയിരൂരിൻെറ മാറ്റം. നികേഷ് കുമാറിൻെറ ഉടമസ്ഥതയിലായിരിക്കെ പ്രതിസന്ധിയിൽപ്പെട്ട് പൂട്ടലിൻെറ വക്കിലെത്തിയ റിപോർട്ടർ ചാനലിനെ വാർത്താ ചാനൽ റേറ്റിങ്ങിൽ മൂന്നാം സ്ഥാനത്ത് എത്തിച്ചശേഷമാണ് അനിൽ അയിരൂർ സ്ഥാപനം വിടുന്നത്. പ്രതിമാസം 8 ലക്ഷം രൂപ ശമ്പളത്തിലാണ് അനിൽ അയിരൂർ സീ കേരളത്തിലേക്ക് കൂടുമാറുന്നത്.
കരുത്ത് കാട്ടി അനില്‍
വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് ശ്രീകണ്ഠൻ നായരുമായി തെറ്റി, ചാനലിൽ ഒതുക്കപ്പെട്ട ഘട്ടത്തിലാണ് റിപോർട്ടർ ടി.വിയുടെ ഇപ്പോഴത്തെ ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരുമായി അനിൽ അയിരൂർ കൈകോർക്കുന്നത്. കോടികൾ ചെലവിട്ട് നികേഷ് കുമാറിൽ നിന്ന് റിപോർട്ടർ ടിവി ഏറ്റെടുത്ത അഗസ്റ്റിൻ സഹോദരന്മാർ അനിലിനെ മുൻനിർത്തിയാണ് ചാനൽ പുനരുജ്ജീവിപ്പിച്ചത്.
ഡോ. അരുൺകുമാർ, സ്മൃതി പരുത്തിക്കാട്, സുജയ പാർവതി തുടങ്ങിയ അവതാരകരെയും മുൻനിര ചാനലുകളിൽ നിന്ന് പ്രമുഖ റിപോർട്ടർമാരെയും കൊണ്ടുവന്ന് മികച്ച ടീം കെട്ടിപ്പടുത്തത് അനിൽ അയിരൂരായിരുന്നു.
ശ്രീകണ്ഠൻ നായരോടുളള വൈരാഗ്യത്തിൽ ട്വന്റിഫോറിനെ തറപറ്റിക്കുകയായിരുന്നു അനിൽ അയിരൂരിൻെറ ലക്ഷ്യം. മികച്ച ടീമിനെ അണിനിരത്തി, മികച്ച ആസൂത്രണത്തോടെ നീങ്ങിയതാണ് റിപോർട്ടറിനെ റീലോഞ്ച് ചെയ്ത് ഒരു വർഷം കൊണ്ടുതന്നെ റേറ്റിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. 12 കൊല്ലമായി പ്രവർത്തിക്കുന്ന മാതൃഭൂമി ന്യൂസ്, മീഡിയാ വൺ ചാനലുകൾക്ക് പോലും കൈയെത്തിപ്പിടിക്കാനാവാത്ത നേട്ടമാണിത്.
ഫലംകാണാത്ത മഞ്ഞുരുക്കം !
വിനോദചാനലിൻെറ ചേരുവകൾ കൂടി ചേർത്ത് ട്വന്റിഫോറിൻെറ വിജയ ഫോർമുലയിലാണ് അനിൽ അയിരൂർ റിപോർട്ടറിനെ ഉടച്ചുവാർത്തത്. എന്നാൽ ഇതിനിടെ ചാനലിൻെറ എഡിറ്റോറിയിൽ തലപ്പത്തുളളവരും അനിൽ അയിരൂരും തമ്മിൽ അകന്നു. അനിലിൻെറ സഹപ്രവർത്തകരോടുളള മോശം പെരുമാറ്റത്തിൽ മാനേജ് മെന്റിനും നീരസമുണ്ടായി.
പൊതു മീറ്റിങ്ങുകളിലും മറ്റും വെച്ച് മോശമായ രീതിയിൽ പെരുമാറുന്നതിനെപ്പറ്റിയും പക്ഷപാതപരമായി ഇടപെടുന്നതിനെപ്പറ്റിയും മാനേജ് മെന്റിന് മുന്നിൽ പരാതി ഉണ്ടായിരുന്നു. ഇതോടെ ഇടക്കാലത്ത് എഡിറ്റോറിയൽ കാര്യങ്ങളിൽ ഇടപെടാതെ മാറിനിൽക്കുകയായിരുന്നു. സീ കേരളത്തിൽ നിന്ന് ഓഫർ ഉണ്ടെന്ന വിവരം അറിയിച്ചതോടെയാണ് മഞ്ഞുരക്കം ഉണ്ടായത്.
വീണത് വമ്പന്‍ ഓഫറില്‍
ഇതോടെ വീണ്ടും ശക്തനായ അനിൽ അയിരൂർ റിപോർട്ടർ വിടില്ലെന്ന സൂചന അടുപ്പക്കാർക്ക് നൽകിയിരുന്നു. എന്നാൽ ശമ്പളവും ആനുകൂല്യങ്ങളുമായി വൻതുക ലഭിക്കുമെന്ന് വന്നതോടെ അനിൽ അയിരൂർ തീരുമാനം മാറ്റി സീ കേരളത്തിലേക്ക് പോകാൻ തീരുമാനിച്ചുവെന്നാണ് അദ്ദേഹത്തിൻെറ അടുപ്പക്കാർ നൽകുന്ന വിവരം.
അനിൽ അയിരൂരിനൊപ്പം റിപോർട്ടറിലേക്ക് വന്ന അരുൺകുമാറും സുജയ പാർവതിയും ഒപ്പം പോകുമോ എന്നത് വ്യക്തമായിട്ടില്ല. സീ കേരളത്തിൻെറ ന്യൂസ് ചാനൽ ഡിജിറ്റലായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒരു ചലനവും ഉണ്ടാക്കാനായിട്ടില്ല. അരുൺകുമാറിനെയും സുജയയെയും കൊണ്ടുപോയി അത് പുനരുജ്ജീവിപ്പിക്കുമോ എന്നാണ് അറിയാനുളളത്.
കുതിപ്പ് കിതപ്പാകുമോ ?
അനിൽ അയിരൂർ വിട്ടുപോകുന്നത് റിപോർട്ടറിന് കടുത്ത പരീക്ഷണകാലമാണ് സമ്മാനിക്കുന്നത്. എഡിറ്റോറിയൽ, മാർക്കറ്റിങ്ങ്, ഭരണപരമായ തീരുമാനങ്ങളിൽ എല്ലാം അവസാനവാക്കായിരുന്നു റിപോർട്ടറിൽ അനിൽ അയിരൂർ. അനിൽ അയിരൂരിൻെറ തന്ത്രങ്ങളുടെ ചിറകിലാണ് കളങ്കിത മാനേജ്മെന്റിന്‍റെ കീഴിലായിട്ടുപോലും ചാനൽ നേട്ടം കൊയ്തത്.
അനിലിൻെറ അഭാവത്തിൽ സ്വന്തം നിലയ്ക്ക് ചാനലിനെ മുന്നോട്ട് നയിക്കുക എന്ന വെല്ലുവിളിയാണ് അനിലിൻെറ ഉറ്റ അനുയായിയായ ഡോ. അരുൺകുമാറിൻെറയും മുന്നിലുളളത്. അത് എത്രത്തോളം ഫലപ്രദമായി നിർവഹിക്കാനാകും എന്നതിനെ ആശ്രയിച്ചായിരിക്കും ചാനലിൻെറ ഭാവി.
എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനും കാര്യങ്ങൾ ആസൂത്രണം ചെയ്യാനും മാനേജ്മെന്റിനും കഴിയേണ്ടതുണ്ട്. അനിൽ അയിരൂർ ചാനലിനെ നയിക്കുമ്പോഴും ഒപ്പം വന്ന അടുപ്പക്കാരായവരെ മാത്രമാണ് പ്രധാന ചുമതലകൾ ഏൽപ്പിച്ചിരുന്നതെന്നും അതുകൊണ്ടുതന്നെ അനിലിൻെറ പോക്ക് ചാനലിലെ അന്തരീക്ഷത്തിന് ഗുണകരമാകുമെന്ന് പറയുന്നവരും റിപോർട്ടറിലുണ്ട്.