കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി ദേശീയ വനിതാ കമ്മീഷന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വനിതാ ഡോക്ടറുടെ കൊലപാതകം നടന്ന ഉടന്‍ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ഇത് തെളിവ് നശിപ്പിക്കാന്‍ വഴിയൊരുക്കിയെന്നുമാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വനിതാ കമ്മീഷന്‍ സ്വമേധയാ എടുത്ത കേസില്‍ രണ്ടംഗ സമിതി ആണ് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. സുരക്ഷ ഉറപ്പാക്കാനും കുറ്റകൃത്യങ്ങള്‍ അവര്‍ത്തിക്കാതിരിക്കാനും ശക്തമായ നടപടികള്‍ എടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
അതിനിടെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ ഇന്ന് പുലര്‍ച്ചെ വരെ സിബിഐ ചോദ്യംചെയ്തു. ഇന്നലെയാണ് സന്ദീപ് ഘോഷിനെ സിബിഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കും എന്നാണ് സൂചന. വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. ഒപി അടക്കം ബഹിഷ്‌കരിച്ചുള്ള ഡോക്ടര്‍മാരുടെ സമരം കേരളത്തില്‍ ഉള്‍പ്പെടെ തുടരുകയാണ്.
വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂര്‍ണ സമരത്തില്‍ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും. തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ഡെന്റല്‍ കോളേജ് ആശുപത്രികളിലും ഇന്ന് ഒ.പി സേവനം ഉണ്ടാകില്ല.
ഇന്ന് ഡോക്ടര്‍മാരുടെ വിവിധ സംഘടനകള്‍ യോഗം ചേരും. ദില്ലി മെഡിക്കല്‍ അസോസിയേഷന്റെ പ്രതിഷേധം വൈകിട്ട് ജന്തര്‍മന്ദറില്‍ നടക്കും. എയിംസ് ആശുപത്രി ഡോക്ടര്‍മാര്‍ ജവഹര്‍ലാല്‍ നെഹ്റു ഓഡിറ്റോറിയത്തിന് സമീപം പ്രതിഷേധ പ്രകടനം നടത്തും. ആര്‍എംഎല്‍ ആശുപത്രിയില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണി വരെയും പ്രതിഷേധം നടക്കും. സഫ്ദര്‍ജങ് ആശുപത്രിയില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രകടനം നടത്തും. ദില്ലിയില്‍ സമരം ശക്തമാക്കുമെന്ന് റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed