ആധുനിക ജീവിതശൈലിയെ മഹത്വവൽകരിക്കാൻ ഒരു നിയോ എതീസ്റ്റ് ഇവിടത്തെ പഴയ കാലസ്ഥിതിയെ വിവരിക്കുകയായിരുന്നു. വസ്ത്രങ്ങൾ അലക്കിയിരുന്നത് അടുപ്പിലെ ചാരം കലക്കിയ വെള്ളം ഉപയോഗിച്ചായിരുന്നത്രേ. ശരിയാണത്. നനയും കുളിയുമൊക്കെ കഷ്ടമായ ഭൂതകാലമായിരുന്നു നമുക്കുള്ളത് എന്നതിലേക്കാണ് ആൾ പറഞ്ഞുവരുന്നത്.

എന്നാൽ ഇന്ന് മാർക്കറ്റിൽ കിട്ടുന്ന ഏത് ആധുനിക സോപ്പു പൊടിയെയും വെല്ലുന്ന ഒരു കലക്കൻ സാധനം അന്ന് നമുക്കുണ്ടായിരുന്നു. വ്യാപകമായി ഉപയോഗത്തിലുണ്ടായിരുന്ന സാവൂങ്കായ (Soap berries/ Soap nuts) ആണത്. സോപ്പിൻ്റെ ലഭ്യതയോടെ നാട്ടിൻ പുറങ്ങളിൽ നിന്നു മുഴുവൻ മനുഷ്യൻ വെട്ടി ഒഴിവാക്കിയതിനാൽ സോപ്പുമരം ഇന്ന് അത്യപൂർവ്വമായി മാത്രം കാണാൻ കഴിയുന്ന ഒന്നായി.
ഇതിൻ്റെ പ്രത്യേകതയറിയാൻ ഒറ്റ പ്രാവശ്യം അലക്കി നോക്കിയാൽ മതി. ചെറുനെല്ലിക്ക വലുപ്പമുള്ള പത്തിരുപതു കായകൾ ഒരു ബക്കറ്റ് നിറയെ തുണികൾ അലക്കാൻ ധാരാളം മതി. സോപ്പിനേക്കാൾ സമൃദ്ധമായ പതയുണ്ട്. പ്രത്യേക സുഗന്ധമുണ്ട്.
സോപ്പു പൊടികൾ ഉപയോഗിച്ച് അലക്കി കഴിയുമ്പോൾ സാധാരണയായി നമ്മുടെ കയ്യിലെ തൊലി പൊളിഞ്ഞു പോകാം. എന്നാൽ സോപ്പും കായ  മുഖത്തോ തലയിലോ വരെ ഇഷ്ടം പോലെ തേക്കാം. ഷാമ്പൂവായി ഉപയോഗിക്കാം. വെള്ളത്തുണികൾ അലക്കിയാലറിയാം അഴുക്കു നീങ്ങുമെന്നല്ല സോപ്പു കൊണ്ട് ഒരിക്കലും കിട്ടിയിട്ടില്ലാത്ത വെണ്മ നമ്മളെ അത്ഭുതപ്പെടുത്തും.

അലക്കിന് ഗ്ലൗസോ മറ്റോ ആവശ്യമില്ലെന്നു മാത്രമല്ല, അലക്കു കഴിഞ്ഞ് നല്ല വെള്ളത്തിൽ കൈ മുക്കിയെടുക്കുമ്പോഴേക്കു തന്നെ ഇതിൻ്റെ അംശം മുഴുവൻ പോകും. കയ്യിലെ ചർമ്മത്തിൻ്റെ സ്വാഭാവിക സ്നിഗ്ധതയും കൂടുന്നതല്ലാതെ ഡിറ്റർജൻ്റ് സോപ്പിൻ്റെ പോലല്ല.
ഇനി അലക്കു കഴിഞ്ഞ് ആ വെള്ളം കളയണ്ടേ. വെള്ളം മാറ്റി പുതിയ വെള്ളം പോരട്ടെ. കായ ഒന്നു കൂടി ഉടച്ച് വീണ്ടും കലക്കി നോക്കൂ. വീണ്ടും പതഞ്ഞു പൊങ്ങും. വീണ്ടും ഇതു പോലെ തുണികൾ അലക്കാം. പഴുത്ത സാവൂങ്കായ വേനൽക്കാലത്ത് ഉണക്കി സൂക്ഷിച്ചാലും സോപ്പിൻ്റെ അംശം കുറയുന്നില്ല. നിങ്ങൾക്കും ബോധ്യം വരും, പെറുക്കിയെടുത്ത് ഉപയോഗിക്കാൻ മനസ്സുണ്ടോ –
നിലവിലുള്ള ഒരു സോപ്പു പൊടിക്കും എന്തെങ്കിലും ഗുണത്തിൻ്റെ കാര്യത്തിൽ സോപ്പും കായോട് മുട്ടാൻ കഴിയില്ല. സോപ്പ് (english) /സാബൂൻ (Arabic) /സപോണിസ് (Latin) indicas (ഇന്ത്യ) എന്നീ വാക്കുകൾ ചേർന്നുണ്ടായ സപിൻഡേസിയ (Sapindaceae) ഫാമിലിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് കായ്കൾ ഒന്നു ചേർന്ന പോലെയുള്ള sapindus trifoliatus ആണ് ഞങ്ങളുടെ നാട്ടിൽ ഏഴിമല പരിസരങ്ങളിൽ കാണപ്പെടുന്നത്.
സോപ്പിലുള്ളതുപോലെ തന്നെ പ്രതലബലം കുറയ്ക്കുകയും ജലത്തെ നേർപ്പിക്കുകയും വസ്ത്രങ്ങളുടെ ഇഴകൾക്കിടയിലൂടെ കടന്ന് അഴുക്കിളക്കുകയും ചെയ്യുന്ന രാസഘടകങ്ങൾ (Surfactants) പ്രകൃത്യാ അടങ്ങിയിരിക്കുന്ന കായാണിത്. പയറു വർഗങ്ങളിൽ അടങ്ങിയിരിക്കുന്ന പോലെ വിറ്റാമിൻസും (A,D,E ) പ്രോട്ടീനും അടങ്ങിയ സോപ്പുഗുണം saponins ആണ് സാവുങ്കായിൽ ഉള്ളത്.

വയർ വൃത്തിയാക്കാൻ വമനത്തിനും മറ്റും സാവൂങ്കായ നിയന്ത്രിതമായി അകത്തു ചെലുത്തുന്ന പ്രയോഗങ്ങൾ ആയുർവേദത്തിൽ ഉണ്ടായിരുന്നു. സോറിയാസിസ്,  എക്സിമ, മുഖക്കുരു, താരൻ പോലുള്ള ത്വഗ്രോഗങ്ങൾക്ക് ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. antimicrobial and antibacterial ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
സോപ്പും കായിൽ നമ്മുടെ നാട്ടിലുള്ള sapindus trifoliatus  കൂടാതെ സപിൻഡേസിയ കുടുംബത്തിൽ ഉറുഞ്ചിക്ക (sapindus emarginatus) റീത്ത (sapindus mukkorossi) എന്നീ വകഭേദങ്ങൾ ഇന്ത്യയിൽ കണ്ടു വരുന്നു. sapindus lauritoria, sapindus saponaria എന്നിങ്ങനെ പല വകഭേദങ്ങളായി ഏഷ്യയിലെമ്പാടും സോപ്പും കായുണ്ടത്രേ.
പല യൂറോപ്യൻ സൗന്ദര്യവർധക വസ്തുക്കളിലും ശാസ്ത്രനാമം വായിച്ചു നോക്കിയാലറിയാം സാവൂങ്കായ ചേരുവയാണ്.അതു കൊണ്ട് അലക്കാൻ മാത്രമല്ല സോപ്പും കായ ദേഹത്ത് തേക്കാനും കുളിക്കാനും  മടിക്കേണ്ടതില്ല. ഗുണം മാത്രമേയുള്ളൂ.
കായുടെ 80 ശതമാനത്തോളം ഉള്ളിലെ കട്ടിയുള്ള കുരുവാണ്. പുറമേയുള്ള ഇത്തിരി പഴ ഭാഗമാണ് വെള്ളമൊഴിച്ചാൽ തന്നെ പതഞ്ഞുപൊങ്ങുന്ന സോപ്പ് ഗുണമുള്ളത്. ഇത്രയധികം ഗുണമുള്ള സോപ്പുംകായ മരത്തെ നാട്ടും പുറങ്ങളിൽ നിന്നു പോലും നമ്മൾ നാമാവശേഷമാക്കിയതിൽ ദുഃഖം തോന്നും. പരമ്പരാഗത നാട്ടുമരങ്ങൾ നട്ടു സംരക്ഷിക്കാം.സോപ്പും കായ വിത്തുകൾക്ക്: 9497695422
-ബദരി നാരായണൻ

By admin

Leave a Reply

Your email address will not be published. Required fields are marked *