കൊല്ലം: കരുനാഗപ്പള്ളിയില്‍ ബാറില്‍ മദ്യപിക്കാനെത്തിയ ആളെ കബളിപ്പിച്ചു സ്വര്‍ണം കവര്‍ന്നയാള്‍ പിടിയില്‍. കരുനാഗപ്പള്ളി വള്ളിക്കുന്നം രാജീവ് ഭവനില്‍ രാജീവാണു പിടിയിലായത്.
അമരത്തുമഠത്തിലുള്ള ബാറിലെത്തിയ കരുനാഗപ്പള്ളി സ്വദേശിയായ മധ്യവയസ്‌കനെയാണ് ഇയാള്‍ കബളിപ്പിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. ബാറില്‍ മദ്യപിക്കാനെത്തിയ 52കാരന്‍ പോക്കറ്റില്‍നിന്ന് ഇയാള്‍ പണം എടുക്കുന്നതിനിടെ സ്വര്‍ണം സൂക്ഷിച്ച പൊതി രാജീവ് കണ്ടു.പൊതിയുമായി എത്തിയാളെ കൂടുതല്‍ മദ്യം വാങ്ങി നല്‍കി അബോധാവസ്ഥയിലാക്കി.
വീണ്ടും മദ്യം വാങ്ങാനെന്ന വ്യാജേന പോക്കറ്റില്‍ കൈയ്യിട്ട് അഞ്ചു പവന്റെ മാലയും നാലു പവന്റെ ആഭരണങ്ങളും അടങ്ങിയ പൊതി രാജീവ് എടുത്തു. അതിനുശേഷം കടന്നു കളയുകയായിരുന്നു. സി.സി.ടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്.