ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന യുവതിയുടെ മൃതദേഹം ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലെ ഗ്രാമത്തിൽ നിന്ന് കണ്ടെത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലടുക്കുന്നത്.
ജൂലൈ 30ന് യുവതി ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങവെയാണ് ദാരുണ സംഭവം. രാജസ്ഥാൻ സ്വദേശിയായ ധർമേന്ദ്ര കുമാർ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.​ പ്രതി യുവതിയെ തടഞ്ഞുനിർത്തുകയും, ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവതി വീട്ടിലേക്ക് മടങ്ങിയെത്താത്തതിനെ തുടർന്ന് സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ യുവതി ഗ്രാമത്തിലേക്ക് എത്തിയെന്ന കാര്യം മനസിലാക്കിയെന്ന് ഉധം സിങ് നഗർ സീനിയർ പൊലീസ് സൂപ്രണ്ട് മഞ്ജുനാഥ് ടി.സി പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓഗസ്റ്റ് 8ന്, സംഭവം നടന്ന പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തുകയും, ഇത് കാണാതായ യുവതിയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 
അന്വേഷണത്തിൽ യുവതിയുടെ ഫോൺ രാജസ്ഥാനിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
യുവതി ജോലി ചെയ്തിരുന്ന നഗരത്തിൽ ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്നയാളാണ് അറസ്റ്റിലായ പ്രതി. ഇയാൾക്ക് യുവതിയെ നേരിട്ട് പരിചയമില്ലെന്നും, പ്രതി മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *