പൊന്നാനി: പൊന്നാനി, തിരൂർ, തവന്നൂർ പ്രദേശങ്ങളിലെ ജനങ്ങളുടെ അഭയവും ആശ്രയവുമായ ആലത്തിയൂർ ഇ കെ ഇമ്പിച്ചി ബാവാ സഹകരണ ആശുപത്രിയിൽ സി ടി സ്കാൻ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. രാജ്യത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനത്തിൽ പൊതുസമൂഹത്തിനുള്ള സമ്മാനമായ സി ടി സ്കാൻ യുണിറ്റ് ഉദ്‌ഘാടനം റവന്യു മന്ത്രി കെ രാജൻ നിർവ്വഹിച്ചു.
ആശുപത്രിയുടെ കാഷ്വാലിറ്റിയോട് ചേർന്ന് പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ഐ പി, ഒ പി രോഗികൾക്ക് പുറമെ മറ്റ് ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും രോഗികൾക്ക് കൂടി പ്രയോജനപ്പെടുത്താവുന്ന നിലയിൽ സൗകര്യപ്രദമായ സ്ഥലത്താണ് സി ടി സ്കാൻ യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. എമർജൻസി ഫിസിഷ്യൻ ഡോ. നജ്‌മൽ നേതൃത്വം നൽകുന്ന കാഷ്വാലിറ്റി ടീമിനും ട്രോമാകെയർ മേനേജ്മെൻ്റിനും കൂടി സഹായകരമാണ് പുതിയ സ്കാനിംഗ് യൂണിറ്റ്.
ചടങ്ങിൽ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്കുള്ള തുക റവന്യു മന്ത്രി കെ.രാജന് കൈമാറി. ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയുടെ വിഹിതമായി ഒരു ലക്ഷം രൂപയ്ക്ക് പുറമെ നിരവധി വ്യക്തികളും സ്ഥാപങ്ങളും നിധിയിലേക്കുള്ള തങ്ങളുടെ സംഭാവന മന്ത്രിയെ ഏൽപ്പിച്ചു.
“റീബിൽഡ് വയനാട്; ഡോണെറ്റ് സി എം ഡി ആർ എഫ്” എന്ന സന്ദേശമുയർത്തി തിരൂരിൽ നിന്ന് ആലത്തിയൂരിലേക്ക് വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾ ചേർന്ന് സംഘടിപ്പിച്ച വാക്കത്തോൺ ആവേശം വിടർത്തി. വാക്കത്തോണിൽ പങ്കെടുത്ത എൻ എസ് എസ്, സ്പോട്സ് വിദ്യാർത്ഥികൾക്ക് മന്ത്രി നേരിട്ട് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തവനൂർ നിയമസഭാ സാമാജികൻ കെ ടി ജലീൽ അധ്യക്ഷത വഹിച്ചു.
തിരൂർ സർക്കിൾ കോ ഓപ്പറേറ്റീവ് യൂണിയൻ ചെയർമാൻ ഇ ജയൻ, ഡോ.റോഷൻ, ഡോ.വത്സരാജ്, ഡോ.ജിതിൻ. സി ഡേവിസ്, ആശുപത്രി ഡയറക്ടർ ബോർഡ് മെമ്പർമാരായ പി ടി നാരായണൻ, പി മുഹമ്മദ് അലി, പി ഇന്ദിര, പി വി അയൂബ്, മാനേജിങ് ഡയറക്ടർ ശുഐബ് അലി, കെ സൈനുദ്ധീൻ ബാവാഹാജി എന്നിവർ സംസാരിച്ചു.
ആശുപത്രി ചെയർമാൻ എ ശിവദാസൻ സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ്‌കുമാരി നന്ദിയും ആശംസിച്ചു.