കോട്ടയം: ഏറെ പ്രകീർത്തിക്കപ്പെട്ട നമ്മുടെ ഒരുമയും മതനിരപേക്ഷതയും ശാസ്ത്രീയചിന്തയും കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും നാശമുണ്ടാക്കിയതാണ് വയനാട് ദുരന്തം. പ്രളയകാലങ്ങളിലും കോവിഡ് കാലങ്ങളിലും ചെയ്തതു പോലെ നാടിനൊപ്പം നിലയുറപ്പിക്കേണ്ട അവസരമാണിത്. ഈ ഘട്ടത്തിൽ എല്ലാവരുടെയും സഹായഹസ്തമെത്തണം.
ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി സർക്കാർ നടത്തുന്ന നടപടികൾക്ക് പിന്തുണ നൽകണം. ദുരന്ത സാഹചര്യങ്ങളിൽ ഒന്നിക്കുന്ന സംസ്‌കാരത്തിന്റെ കരുത്താണ് പ്രതിസന്ധികളെ നേരിടാൻ കേരള ജനതയെ പ്രാപ്തരാക്കുന്നത്. ആ സ്‌നേഹവും ഐക്യവും കൈവെടിയാതെ മുന്നോട്ടുപോകണമെന്നും മന്ത്രി പറഞ്ഞു.
പരേഡ് പരിശോധിച്ച ശേഷം മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായുള്ള ലഹരിവിമുക്ത പ്രതിജ്ഞ കലക്ടർ ജോൺ വി. സാമുവൽ ചൊല്ലിക്കൊടുത്തു. പോലീസ്, ഫോറസ്റ്റ്, എക്‌സൈസ്, എൻ.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയർ റെഡ്‌ക്രോസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ബാൻഡ് സെറ്റ് എന്നിവയടങ്ങുന്ന 20 പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്.
പാലാ സ്റ്റേഷനിലെ ഇൻസ്പെക്ടർ ജോബിൻ ആന്റണിയായിരുന്നു പരേഡ് കമാൻഡർ. മൗണ്ട് കാർമൽ ജി.എച്ച്.എസ്.എസ്, ബേക്കർ മെമ്മോറിയൽ എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കലക്ടർ ജോൺ വി. സാമുവൽ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, സബ് കലക്ടർ ഡി. രഞ്ജിത്ത്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്ലാറ്റൂണുകൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു. സായുധസേന പതാകനിധിയിലേക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ തുക സംഭാവന നൽകിയ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്‌കൂൾ (വിദ്യാഭ്യാസസ്ഥാപന വിഭാഗം), ജില്ലാ രജിസ്ട്രാർ (ജനറൽ) (വിദ്യാഭ്യാസഇതരസ്ഥാപന വിഭാഗം) എന്നിവർക്കുള്ള ട്രോഫികൾ മന്ത്രി സമ്മാനിച്ചു.
മികച്ച പ്ലാറ്റൂൺ കമാൻഡറായി പോലീസ് കോട്ടയം ഡി.എച്ച്.ക്യൂ. റിസർവ് സബ് ഇൻസ്‌പെക്ടർ എസ്.എം. സുനിൽ തെരഞ്ഞെടുക്കപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *