ഡൽഹി: രാജ്യം, 2047ഓടെ വികസിത ഭാരതമെന്ന് ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എഴുപത്തിയെട്ടാം സ്വാതന്ത്ര്യപുലരിയിൽ, ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അതിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വികസിത ഭാരതം അകലെയല്ല. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ നിരവധി പേരുടെ പ്രയ്തനമാണ് നടക്കുമന്നത്. ഓരോ പൗരന്റെ സ്വപ്‌നങ്ങളും ആ നേട്ടത്തിൽ പ്രതിഫലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ ഓർക്കുന്നുവെന്നും രാജ്യം അവരുടെ കുടുംബങ്ങൾക്ക് ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗനിർഭരമായ പോരാട്ടങ്ങൾ അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങിയത്.
കോളോണിയൽ ഭരണത്തിനെതിരെ നടന്നത് നീണ്ട പോരാട്ടമാണ്. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ അനുസ്മരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാവിലെ 7.30നാണ് പ്രധാന മന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയത്. രാജ്ഘട്ടിൽ പുഷ്പാർച്ചനയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി പതാക ഉയർത്താനായി ചെങ്കോട്ടയിൽ എത്തിയത്.