ആലപ്പുഴ : പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിൽ 3 ദിവസം കൊണ്ട് 516 നായ്ക്കളെ കുത്തിവച്ചു.പ്രത്യേക പരിശീലനം ലഭിച്ച 8 പേരടങ്ങുന്ന സംഘം അതിസാഹസികമായാണു തെരുവുനായ്ക്കളെ പിടികൂടുന്നത്. ഓടുന്ന നായ്ക്കളുടെ പിന്നാലെ ഓടി വലയിൽ കുടുക്കുന്നതാണ് ആദ്യ നടപടി.തുടർന്നു വെറ്ററിനറി ഡോക്ടർ കുത്തിവയ്ക്കും. ശേഷം ദേഹത്ത് പെയ്ന്റ് അടിച്ചശേഷം തുറന്നുവിടും. കുത്തിവയ്ക്കാത്ത നായ്ക്കളെ തിരിച്ചറിയാൻ വേണ്ടിയാണ് പെയ്ന്റ് അടിക്കുന്നത്. ഇന്നലെ മാത്രം 112 നായ്ക്കളെ കുത്തിവച്ചു.
അതേസമയം 12 പേരെ കടിച്ച നായ നിരീക്ഷണത്തിലിരിക്കെ ചത്ത ശേഷം നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പേവിഷബാധ ഇല്ലെന്നു സ്ഥിരീകരിച്ചെങ്കിലും മരണ കാരണം അറിയിച്ചിട്ടില്ലെന്നും അക്കാര്യം പുറത്തു വിടണമെന്നും തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടിആർഎ) ആവശ്യപ്പെട്ടു. പേവിഷബാധ ഇല്ലെന്ന പ്രാഥമിക പരിശോധനയ്ക്കു ശേഷം സമീപ പ്രദേശങ്ങളിൽ ആക്രമണം അഴിച്ചുവിട്ട തെരുവുനായ്ക്കളിൽ പേ സ്ഥിരീകരിച്ചിരുന്നു. ചത്ത നായയുടെ ഫ്ലൂറസന്റ് ആന്റി ബോഡി ടെസ്റ്റ് നടത്തിയാലേ പേ വിഷബാധയുടെ അന്തിമഫലം അറിയാനാകൂ.
പേ ലക്ഷണങ്ങൾ കാണിച്ച ഉടനെ നായ ചത്തതിനാൽ നാട്ടുകാരുടെ സംശയങ്ങൾ ദുരീകരിക്കാനും സർക്കാരിനു ചുമതലയുണ്ട്. അഞ്ച് വർഷം മുൻപ് ചുങ്കം ഭാഗത്ത് ആൾക്കാരെ കടിച്ച നായ ചത്തതിനെത്തുടർന്നു കുഴിച്ചിട്ടപ്പോൾ ടിആർഎയുടെ പരാതിയെ തുടർന്നു മാന്തിയെടുത്തു പോസ്റ്റ്മോർട്ടം നടത്തി, ഫലം വന്നപ്പോൾ പേ ഉണ്ടെന്നു തെളിഞ്ഞ കാര്യവും ടിആർഎ ഭാരവാഹികൾ പറഞ്ഞു.