കോട്ടയം: പാക്കിൽ കവലയിൽ പ്രവർത്തിക്കുന്ന ഹയറിങ്ങ് സ്ഥാപനത്തിൽ വൻ തീപിടുത്തം. വ്യാഴാഴ്ച രാവിലെ 9.30 ന് ആയിരുന്നു സംഭവം. സഖറിയ പി. ജോണി (റെജി) ൻ്റെ ഉടമസ്ഥതയിലുള്ള വാലയിൽ ഹയറിങ് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്.
കടയ്ക്കുള്ളിൽ പ്ലാസ്റ്റിക് ഉപകരണങ്ങളും, പ്ലാസ്റ്റിക്ക് വീപ്പകളുമുണ്ടായിരുന്നു. ഇവ കത്തിയതോടെ വലിയ പുകയാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. തീ പടർന്ന വിവരം അറിഞ് നിരവധി ആളുകൾ സ്ഥലത്ത് തടിച്ച് കൂടി തീ അണയ്ക്കാൻ ശ്രമിച്ചു.
തീ ആളി പടർന്നതോടെ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചു. ഈ സമയം സ്ഥാപന ഉടമ റെജി കട തുറന്ന ശേഷം മറിയപ്പള്ളിയിലെ സംസ്കാര സ്ഥലത്ത് സാധനം കൊടുക്കുന്നതിനായി പോകുകയായിരുന്നു.
സംഭവം അറിഞ്ഞ് ചിങ്ങവനം പോലീസ് സംഘവും സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്ഥലത്ത് എത്തിയ രക്ഷാ സേനാ സംഘം രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
ആദ്യം ഒരു യൂണിറ്റ് അഗ്നിരക്ഷാസേനയുടെ വാഹനം എത്തിയെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. തുടർന്ന് കോട്ടയം യൂണിറ്റിൽ നിന്നുള്ള നാലു വാഹനങ്ങൾ എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പാക്കിൽ കടുവാക്കുളം റോഡിൽ ഗതാഗതവും തടസപ്പെട്ടു.