തുടക്കക്കാരന് ശമ്പളം 18,000 രൂപ, സിഇഒക്ക് 186 കോടി; കമ്പനിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

മാസം 20,000 രൂപ ശമ്പളം..നികുതിയും പിഎഫും കഴിഞ്ഞ് കയ്യില്‍ കിട്ടുക 18,000 രൂപ മുതല്‍ 19,000 രൂപ വരെ. രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ കോഗ്നിസന്‍റ് ക്യാമ്പസുകളില്‍ നിന്നും നേരിട്ട് നിയമനം നല്‍കുന്നവര്‍ക്ക് നല്‍കുന്ന ശമ്പളത്തിന്‍റെ കണക്കാണിത്. വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ കോഗ്നിസന്‍റിന് വലിയ ട്രോളാണ് നേരിടേണ്ടി വരുന്നത്. കാരണം രാജ്യത്ത് ഏറ്റവുമധികം ശമ്പളം ലഭിക്കുന്നവരില്‍ ഒരാളാണ് കോഗ്നിസന്‍റിന്‍റെ സിഇഒ എന്നുള്ളത് തന്നെ. 186 കോടി രൂപയാണ് കോഗ്നിസന്‍റ് സിഇഒ രവികുമാറിന്‍റെ വാര്‍ഷിക ശമ്പളം.

കോഗ്നിസന്റ് ജീവനക്കാരുടെ ശരാശരി ശമ്പളത്തിന്റെ 556 ഇരട്ടിയാണ് രവികുമാറിന്റെ വാർഷിക ശമ്പളം . മെട്രോ നഗരങ്ങളിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പുതിയതായി ജോലിക്ക് കയറുന്നവർക്ക് ഈ വരുമാനം മതിയോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.തന്റെ ഡ്രൈവർ പ്രതിവർഷം 2.5 ലക്ഷത്തേക്കാൾ  കൂടുതൽ വരുമാനം നേടുന്നുണ്ടെന്നും ആഴ്ചയിൽ 4 ദിവസം മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്നും ഒരു വ്യക്തി എക്സിൽ കുറിച്ചു. വൻകിട കമ്പനികളുടെ വരുമാനം ദശലക്ഷങ്ങളിൽ നിന്ന് ബില്യണുകളിലേക്കും ട്രില്യണുകളിലേക്കും വർദ്ധിച്ചു. എന്നാൽ 20 വർഷം മുമ്പുള്ള അതേ പാക്കേജാണ് അവർ ഇപ്പോഴും പുതുമുഖങ്ങൾക്ക് നൽകുന്നതെന്നും  പണപ്പെരുപ്പത്തിനും വീടിന്റെ വാടക വർദ്ധനവിന്  തുല്യമായ വേതനം പോലും നൽകുന്നില്ലെന്നും  മറ്റൊരാൾ ചൂണ്ടിക്കാട്ടി.

മുമ്പ് ഇൻഫോസിസിന്റെ പ്രസിഡന്റായിരുന്നു രവികുമാർ  . കഴിഞ്ഞ വർഷമാണ് അദ്ദേഹം കോഗ്നിസന്റ് സിഇഒ ആയി ചുമതലയേറ്റെടുക്കുന്നത്.  ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിൽ ആണവ ശാസ്ത്രജ്ഞനായാണ് രവികുമാർ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2016ൽ ഇൻഫോസിസിന്റെ പ്രസിഡന്റായി.  പ്രൈസ്‌വാട്ടർ ഹൗസ് കൂപ്പേഴ്‌സ്, ഒറാക്കിൾ, സാപിയന്റ്, കേംബ്രിഡ്ജ് ടെക്‌നോളജി പാർട്‌ണേഴ്‌സ് തുടങ്ങിയ വൻകിട കമ്പനികളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

By admin