ഡല്‍ഹി: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകം ഇന്ത്യയുടെ വളര്‍ച്ച ഉറ്റുനോക്കുകയാണ്. ഭാരതത്തെ മൂന്നാമത്തെ സമ്പദ് ശക്തിയാക്കണം. ‘രാജ്യം ഒന്നാമത്’ അതാണ് കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാവാക്യം. സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയുടെ ബ്ലൂ പ്രിന്റാണ്. അത് പബ്ലിസിറ്റിക്കായല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തെ വളര്‍ച്ച യുവാക്കളില്‍ വലിയ പ്രതീക്ഷ നല്‍കിയിരിക്കുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. നിയമ രംഗത്ത് കൂടുതല്‍ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരണം. ആ ലക്ഷ്യത്തിലേക്ക് വൈകാതെയെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉല്‍പാദന മേഖലയുടെ ഹബ്ബായി ഇന്ത്യ മാറി. രണ്ടര കോടി വീടുകളിലേക്ക് കൂടി വൈദ്യുതിയെത്തിക്കാന്‍ സര്‍ക്കാരിനായി. ജലജീവന്‍ മിഷനില്‍ 15 കോടി ഉപഭോക്താക്കളെ കൊണ്ടുവന്നു. സ്വച്ഛ് ഭാരത് പദ്ധതിയും വിജയം കൈവരിച്ചു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ സുശക്തമായ ഇടപെടലുകള്‍ ഉണ്ടായി. സൈന്യത്തിന്റെ പോരാട്ടം യുവാക്കള്‍ക്ക് പ്രചോദനമായി. ദ്രുതവളര്‍ച്ചയാണ് യുവാക്കള്‍ ആഗ്രഹിക്കുന്നത്. സ്വയം സഹായ സംഘങ്ങളിലൂടെ ഒരു കോടി സ്ത്രീകള്‍ ലക്ഷാധിപതികളായി. പത്ത് കോടിയിലധികം വനിതകള്‍ ഇന്ന് സ്വയം പര്യാപ്തരാണ്. ആവശ്യമുള്ളവന്റെ വാതില്‍ക്കല്‍ ഇന്ന് സര്‍ക്കാരുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബഹിരാകാശ രംഗത്ത് സര്‍ക്കാര്‍ വലിയ ശക്തിയായി മാറി. ആ മേഖലയില്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരികയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. ചെറിയ, ചെറിയ കാര്യങ്ങള്‍ക്ക് ജയിലിലിടുന്ന നിയമങ്ങള്‍ കാറ്റില്‍ പറത്തി. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിയമ വ്യവസ്ഥയുടെ അന്തസുയര്‍ത്തി. വേഗത്തില്‍ നീതി നല്‍കാന്‍ കഴിയുന്നു. മധ്യ വര്‍ഗത്തിന് ഗുണമേന്മയുള്ള ജീവിതം ഉറപ്പ് നല്‍കാന്‍ സര്‍ക്കാരിനായി. എല്ലാവരെയും ഒപ്പം ചേര്‍ത്തുള്ള വികസിത ഭാരതമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *