കോട്ടയം: തൊടുപുഴ രാഷ്ട്രീയ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിയമസഭ നിയോജക മണ്ഡലമാണ്. കേരള കോൺഗ്രസ് നേതാവ് പി. ജെ. ജോസഫാണ് തൊടുപുഴയിൽ നിലവിലുള്ള എംഎൽഎ. ഇടുക്കി ജില്ലയുടെ ലോറേഞ്ചിലുള്ള ഈ കാർഷിക മേഖല എക്കാലവും യുഡിഎഫ് അനുകൂല നിലപാടാണ് സ്വീകരിച്ചു പോരുന്നത്. 1957 മുതലുള്ള ഒരു തെരഞ്ഞെടുപ്പിലും ഇടതുപക്ഷ മുന്നണിക്കോ സിപിഎമ്മിനോ തൊടുപുഴയിൽ ഒരു നല്ല മൽസരം കാഴ്ച വയ്ക്കുവാൻ പോലും സാധിച്ചിട്ടില്ല.
കുമാരമംഗലവും, കാരിക്കോടും,കരിമണ്ണൂരും
1977ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷമാണ് ഇപ്പോഴത്തെ തൊടുപുഴ നിയമസഭ നിയോജക മണ്ഡലത്തിന്റെ അതിരുകൾ നിർണ്ണിയിക്കപ്പെട്ടത്. തിരുകൊച്ചി നിയമസഭയിൽ തൊടുപുഴ, കുമാരമംഗലം എന്നീ രണ്ടു മണ്ഡലങ്ങൾ ഉണ്ടായിരുന്നു.
തൊടുപുഴയിൽ കെ.എം ജോർജ്ജും, എ.സി ചാക്കോയും, കുമാരമംഗലത്ത് എ.സി. ചാക്കോയും, സി. എ മാത്യുവും 1952, 1954 വർഷങ്ങളിൽ എംഎൽഎമാരായി. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം നടന്നതിന് ശേഷം 1957ൽ നടന്ന തെരഞ്ഞെടുപ്പിൽ കുമാരമംഗലം മണ്ഡലം ഇല്ലാതാവുകയും, കാരിക്കോട് മണ്ഡലം രൂപീകൃതമാവുകയും ചെയ്തു. 1957ലും 60ലും തൊടുപുഴയിൽ സി.എ. മാത്യുവും, കാരിക്കോട് കുസുമം ജോസഫുമായിരുന്നു എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ടത്.
1965ൽ മണ്ഡല പുനർ നിർണ്ണയം നടന്നപ്പോൾ കാരിക്കോട് ഇല്ലാതാവുകയും പകരം കരിമണ്ണൂർ രുപീകൃതമാവുകയും ചെയ്തു. കരിമണ്ണൂരിൽ എ. സി. ചാക്കോയും, തൊടുപുഴയിൽ സി.എ. മാത്യുവും കേരള കോൺഗ്രസ് സ്ഥാനാർത്ഥികളായി വിജയിച്ചു.
1967ൽ കരിമണ്ണൂർ മണ്ഡലത്തിൽ എം.എം തോമസും തൊടുപുഴ മണ്ഡലത്തിൽ കെ.സി. സക്കറിയയും സ്വതന്ത്ര സ്ഥാനാർത്ഥികളായി വിജയിച്ചു. 1970ൽ കരിമണ്ണൂരിൽ എ.സി. ചാക്കോയും തൊടുപുഴയിൽ പി. ജെ. ജോസഫും കേരള കോൺഗ്രസിന്റെ കൊടി പാറിച്ചു.
1977ൽ കരിമണ്ണൂർ മണ്ഡലം ഇല്ലാതാവുകയും കൂടുതൽ ഭാഗങ്ങൾ തൊടുപുഴയിലേക്ക് കൂട്ടി ചേർക്കെപ്പടുകയും ചെയ്തു. മറ്റു ഭാഗങ്ങൾ പുതുതായി രൂപികരിച്ച ഇടുക്കി മണ്ഡലത്തിൽ ആയിരുന്നു. 1977, 80, 82, 87 വർഷങ്ങളിൽ പി. ജെ. ജോസഫ് തുടർച്ചയായി തൊടുപുഴയിൽ വിജയിച്ചു. 1991ൽ കോൺഗ്രസിലെ യുവതുർക്കി പി.ടി. തോമസ് കേരള കോൺഗ്രസിലെ പി. സി. ജോസഫിനെ അട്ടിമറിച്ചു വിജയം നേടി.
തൊടുപുഴ കണ്ട് എക്കാലത്തെയും വാശിയേറിയ തെരഞ്ഞെടുപ്പു നടന്ന 1996ൽ പി.ജെ. ജോസഫ്, പി.ടി. തോമസിനെ പരാജയപ്പെടുത്തി വിജയം നേടി. എന്നാൽ 2001ൽ നടന്ന തെരഞ്ഞെടുപ്പിൽ പി. ടിം. തോമസ് പി. ജെ. ജോസഫിനെ പരാജയപ്പെടുത്തി കോൺഗ്രസിന്റെ കരുത്തറിയിച്ചു. പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും പി. ജെ. ജോസഫാണ് തൊടുപുഴയിൽ വിജയിച്ചത്.
കോതമംഗലവും, കാഞ്ഞിരപ്പള്ളിയും മുവാറ്റുപുഴയും നൽകുന്ന ഓർമ്മകൾ
1967ൽ മുസ്ലിം ലീഗ്, സിപിഎം, സിപിഐ ഉൾപ്പെടെ സപ്ത കക്ഷി മുന്നണിയായാണ് തെരഞ്ഞെടുപ്പിൽ മൽസരിച്ചത്. മതേതരത്വവും മാനവ മൈത്രിയും പറയുമെങ്കിലും, തെരഞ്ഞെടുപ്പിൽ വിജയിക്കുവാൻ അടവുനയം സ്വീകരിക്കുവാൻ സിപിഎം ഒരിക്കലും മടിച്ചിട്ടില്ല. പലപ്പോഴും ആ പരീക്ഷണങ്ങൾ വിജയിച്ചിട്ടുണ്ട് എന്നത് സമീപകാല തെരഞ്ഞെടുപ്പുകളിൽ വരെ കാണുവാൻ സാധിച്ചിട്ടുണ്ട്.
1967ൽ കോതമംഗലത്ത് സിപിഎം മൽസരിപ്പിച്ച സ്ഥാനാർഥി ടി. എം. മീതിയൻ ആയിരുന്നു. വലിയ ഭൂരിപക്ഷത്തോടെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി എം. ഐ. മർക്കോസിനെ പരാജയപ്പെടുത്തി ടി. എം. മീതിയൻ വിജയിച്ചു. പിന്നീട് 1970, 1982, 1996 വർഷങ്ങളിലെ തെരഞ്ഞെടുപ്പിൽ മീതിയൻ മൽസരിച്ചുവെങ്കിലും ജയിക്കുവാൻ സാധിച്ചില്ല.
67ൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലും സിപിഎം പരീക്ഷണം വിജയിച്ചു. കെ. എസ്. മുസ്തഫ കമാൽ ആയിരുന്നു. കേരള കോൺഗ്രസിലെ സി. ജെ. ആന്റണിയെ വലിയ ഭൂരിപക്ഷത്തിനാണ് മുസ്തഫ കമാൽ പരാജയപ്പെടുത്തിയത്. 1982 ൽ വീണ്ടും ഈ പരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല. 2001ൽ അഡ്വ പി. ഷാനവാസ് ആയിരുന്നു സിപിഎം സ്ഥാനാർഥി. ഈ പരീക്ഷണവും പരാജയപ്പെടുകയാണ് ഉണ്ടായത്.
2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുവാറ്റുപുഴയിൽ ത്രികോണ മൽസരമാണ് അരങ്ങേറിയത്. പതിവിൽ നിന്നും വ്യത്യസ്തമായി സിപിഎം അവിടെ അഡ്വ. പി. എം ഇസ്മായിലിനെ മൽസരിപ്പിച്ചു. കടുത്ത മൽസരം കാഴ്ച വച്ച ഇസ്മായിൽ നിസ്സാര വോട്ടുകൾക്കാണ് പി. സി. തോമസിനോട് പരാജയപ്പെട്ടത്. പാലാ അസംബ്ലി നിയോജക മണ്ഡലത്തിൽ മൂന്നാം സ്ഥാനത്ത് ആയതാണ് ഇസ്മായിലിന്റെ പരാജയത്തിന് വഴി വച്ചത്.
1967 പരീക്ഷണം ആവർത്തിക്കുവാൻ ഒരുങ്ങി തൊടുപുഴ
യുഡിഎഫിൽ കേരള കോൺഗ്രസും എൽഡിഎഫിൽ കേരള കോൺഗ്രസ് മാണിയുമാണ് തൊടുപുഴയിൽ 2021ൽ മൽസരിച്ചത്. ഈ അസംബ്ലി മണ്ഡലം ഏറ്റെടുത്തു മൽസരിക്കുവാൻ സിപിഎം തീരുമാനമെടുത്തു എന്നാണ് അറിയുവാൻ കഴിയുന്നത്.
വളരെ ചെറിയ പ്രായത്തിൽ തന്നെ സിപിഎം ഏരിയ സെക്രട്ടറി ആയി മാറിയ മുൻ എസ്എഫ്ഐ നേതാവ് മുഹമ്മദ് ഫൈസലിനെ തൊടുപുഴയിൽ സ്ഥാനാർഥി ആയി മൽസരിപ്പിക്കുവാൻ അണിയറയിൽ നീക്കങ്ങൾ സജീവമാണ്.
തൊടുപുഴയിലെ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ രഹസ്യ പിന്തുണയോടെ ഈ നീക്കങ്ങൾ കുറച്ചു നാളുകൾക്ക് മുൻപ് തുടങ്ങിയെങ്കിലും നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പോടു കൂടിയാണ് ത് മറനീക്കി പുറത്തുവന്നത്.
തൊടുപുഴ നഗരസഭയിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ നല്ല പിന്തുണയുള്ള ലീഗ് ചില സാഹചര്യങ്ങളിൽ മറ്റു വാർഡുകളിൽ സ്ഥാനാർത്ഥികളുടെ പേരും സമുദായവും നോക്കി വോട്ട് ചെയ്യുന്നതാണ് തൊടുപുഴ നഗരസഭയിൽ എൽഡിഎഫ് വിജയിക്കുവാൻ കാരണമാകുന്നതെന്ന് കോൺഗ്രസ് രഹസ്യമായി ആരോപിക്കുന്നു.
നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ വന്ന പരസ്യമായ അകൽച്ചയോടെ കോൺഗ്രസ് – മുസ്ലിം ലീഗ് ബന്ധം വലിയ രീതിയിലുള്ള അസ്വസ്ഥതയിലേക്ക് വഴിമാറിയിരിക്കുന്നു. ഇടുക്കി ജില്ലയിൽ അസംബ്ലി സീറ്റിൽ മൽസരിക്കുവാൻ ലീഗിന് അർഹതയുണ്ട് എന്ന മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. എസ്. സിയാദിന്റെ പ്രസ്ഥാവന കൂട്ടിവായിക്കേണ്ടതുണ്ട്.
സിപിഎമ്മിനായി ഫണ്ട് ശേഖരണത്തിലും അണികളെ സംഘടിപ്പിക്കുന്നതിനും മുൻപന്തിയിലുള്ള യുവനേതാവാണ് മുഹമ്മദ് ഫൈസൽ. തൊടുപുഴയിലെ അനധികൃത ഖനനം, അനധികൃത വഴിയോര കച്ചവടം എന്നിവയിൽ ആരോപണം നേരിടുന്നുണ്ടെങ്കിലും, എതിർ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളെ സുഹൃത്തുക്കളാക്കിയാണ് ഫൈസലിന്റെ പ്രവർത്തനം.
ചോദ്യപേപ്പർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ നടന്ന കൈ വെട്ടും തുടർന്ന് തൊടുപുഴ നഗരസഭയിൽ എസ്ഡിപിഐ വിജയിച്ചതും തൊടുപുഴ നിയമസഭ മണ്ഡലത്തിലാകെ സാമുദായിക ധ്രുവീകരണം വളർത്തിയിട്ടുണ്ട് എന്നത് വസ്തുതയാണ്.
2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നിലവിലെ എംഎൽഎ പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫായിരിക്കും യുഡിഎഫ് സ്ഥാനാർഥി എന്നാണ് എല്ലാവരും കരുതുന്നത്.
1967ലെ കോതമംഗലം, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ വിജയം നൽകിയ മാതൃകയിൽ തൊടുപുഴയിൽ മുഹമ്മദ് ഫൈസലിനെ സ്ഥാനാർഥി ആക്കി മുസ്ലിം ലീഗ് പിന്തുണയോടെ വിജയം നേടാനാകുമോയെന്ന സിപിഎം പരീക്ഷണതന്ത്രം പൂർണ്ണതയിൽ എത്തുമോയെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.