തിരുവനന്തപുരം: കേരളത്തിലെ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും അദ്ധ്യാപകരായി അപേക്ഷിക്കാനുള്ള പ്രായപരിധി 50 ആക്കിയത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആശങ്കയുമായി അക്കാഡമിക് വിദഗ്ധർ. സർവകലാശാലകളിലും സർക്കാർ, എയ്ഡഡ് കോളേജുകളിലും അസി. പ്രൊഫസർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി 40ൽ നിന്ന് 50 വയസായി ഉയർത്തിയാണ് സർക്കാർ ഉത്തരവ്. ഇതനുസരിച്ച് യൂണിവേഴ്സിറ്റികൾ ‌ചട്ടഭേദഗതി വരുത്തുകയാണ്. യോഗ്യരായ അനേകം യുവ ഉദ്യോഗർത്ഥികളുടെ അവസരം നഷ്ടപ്പെടുത്താൻ ഇത് ഇടയാക്കുമെന്നാണ് പ്രധാന ആശങ്ക.
അസിസ്റ്റന്റ് പ്രൊഫസർമാരായി ചെറുപ്പക്കാർ നിയമിക്കപെടുന്നതാണ് അക്കാഡമിക് മേഖലയ്ക്ക് ഗുണംചെയ്യുക. നെറ്റ്, പിഎച്ച്ഡി ബിരുദധാരികൾ കൂടുതലായുള്ള കേരളത്തിൽ നിയമനത്തിന് പ്രായപരിധി കൂട്ടുന്നത് യുവാക്കളുടെ തൊഴിൽ അവസരം നഷ്ടപ്പെടുത്തും.
50 വയസ്സിൽ ജോലിയിൽ പ്രവേശനം നേടുന്നവർക്ക് സർവീസിൽ അവശേഷിക്കുന്നത് കുറച്ച് വർഷങ്ങൾ മാത്രമാണ്. അതിനെക്കാൾ മികച്ച അക്കാഡമിക് സംഭാവന നൽകാൻ 30 വയസിൽ അധ്യാപരാകുന്നവർക്ക് കഴിയും. 30 വയസിനുള്ളിൽ ഗവേഷണബിരുദം നേടുന്നവർ നിരവധിയാണ്. ഗവേഷണ ബിരുദം വൈകി സമ്പാദിച്ച ഇഷ്ടക്കാർക്ക് യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം ഉറപ്പിക്കാനാണ് പ്രായപരിധി ഉയർത്തിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഈ നിർദ്ദേശം 2021ഒക്ടോബറിൽ സർക്കാർ തള്ളിയതാണ്. പിന്നീട് ശ്യാം ബി മേനോൻ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷന്റെ ശുപാർശ പ്രകാരമാണ് പ്രായപരിധി ഉയർത്തിയത്.
സർക്കാർ ഉത്തരവിറക്കിയതോടെ സർവകലാശാലകൾക്ക് ഇത് അംഗീകരിക്കാതെ തരമില്ലാതായി. നിയമങ്ങൾ ഭേദഗതി ചെയ്യാൻ സർവകലാശാലകളോട് സർക്കാർ ആവശ്യപ്പെടുകയായിരുന്നു. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും ഉന്നത വിദ്യാഭ്യാസ കൗൺസിലും ഉയർന്ന പ്രായ പരിധി ഒഴിവാക്കണമെന്നാണ് ശുപാർശ ചെയ്തത്. എന്നാൽ , നിയമനങ്ങൾക്ക് പി.എസ്.സി 50 വയസ് ഉയർന്ന പ്രായ പരിധിയായി നിശ്ചയിച്ചിട്ടുള്ളത് ഇതിന് തടസമായി.
ഇതിനാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. വിദേശത്ത് നിന്ന് വരുന്ന അക്കാഡമിക് വിദഗ്ദ്ധർക്ക് വേണ്ടിയാണ് ഈ പരിഷ്കാരമെന്നാണ് പരക്കെയുള്ള പരാതി.  കേരളത്തിലെ യുവാക്കളുടെ അധ്യാപക അവസരങ്ങൾ നിഷേധിക്കാൻ പാടില്ല. പ്രായമായ അക്കാഡമിക് വിദഗ്ധരുടെ സേവനം ലഭ്യമാക്കാൻ അവരെ എമിരിറ്റസ് പ്രൊഫസ്സർ പദവിയിൽ നിയമിക്കുകയാണ് വേണ്ടതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ ചൂണ്ടിക്കാട്ടി.
കോളേജ് അദ്ധ്യാപക നിയമനത്തിനുള്ള പ്രായപരിധി നിലവിൽ പൊതുവിഭാഗങ്ങൾക്ക് 40, ഒ.ബി.സിക്ക് 43, പട്ടിക വിഭാഗങ്ങൾക്ക് 45 എന്നിങ്ങനെയാണ്. യു.ജി.സി പ്രായപരിധി നിർദ്ദേശിക്കുന്നില്ല. കേന്ദ്ര സർവകലാശാലകളിലും പല സംസ്ഥാനങ്ങളിലും പ്രായപരിധിയില്ല.  പി.എച്ച്. ഡിയുള്ളവരെയാണ് അസി.പ്രൊഫസറായി നിയോഗിക്കുന്നത്. ഇത് നേടാൻ 35 വയസെങ്കിലുമാവും.
പോസ്റ്റ് ഡോക്ടറൽ ബിരുദങ്ങളടക്കം നേടുന്നവർക്ക് കോളേജ് അദ്ധ്യാപകരായി അപേക്ഷിക്കാൻ പ്രായപരിധി തടസമാവുന്നുണ്ട്.  അധ്യാപക നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സിൽ നിന്ന് 50 വയസ്സായി ഉയർത്താൻ കേരള സർവകലാശാല നടപടി തുടങ്ങിയിട്ടുണ്ട്. അടുത്ത സെനറ്റ് യോഗത്തിൽ സർവകലാശാലച്ചട്ടം ഇതനുസരിച്ചു പരിഷ്കരിക്കാനുള്ള തീരുമാനമെടുക്കും. ഇതോടെ സർവകലാശാലയിലും അഫിലിയേറ്റ് ചെയ്ത എയ്ഡഡ് കോളജുകളിലും ഉൾപ്പെടെ നിയമനത്തിന് മാനദണ്ഡം ഇതാകും. കേരളയ്ക്കു പിന്നാലെ സംസ്ഥാനത്തെ മറ്റു സർവകലാശാലകളും ഈ തീരുമാനം നടപ്പാക്കേണ്ടിവരും.
2022ൽ തന്നെ സർവകലാശാല, കോളജ് അധ്യാപക നിയമനങ്ങൾക്ക് പ്രായപരിധി എടുത്തുകളഞ്ഞ് യുജിസി ചട്ടം പരിഷ്കരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സർവകലാശാലകളും സംസ്ഥാനങ്ങളും തുടർ നടപടികളെടുക്കാൻ വൈകി. യുജിസി വ്യവസ്ഥ പൂർണമായും സ്വീകരിക്കാതെ കോളജ് അധ്യാപക നിയമനത്തിനുള്ള പ്രായപരിധി 50 ആയി നിജപ്പെടുത്തി സംസ്ഥാന സർക്കാർ കഴിഞ്ഞവർഷം ഉത്തരവിറക്കിയിരുന്നു. എന്നിട്ടും തീരുമാനമെടുക്കാതിരുന്ന സർവകലാശാലകൾ, എയ്ഡഡ് കോളജുകളിലുൾപ്പെടെ 40 വയസ്സ് എന്ന പ്രായപരിധിയിലാണ് അധ്യാപക നിയമനങ്ങൾ നടത്തിയിരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *