തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സഹായഹസ്തവുമായി കേരളത്തിലെ ഐടി പാര്‍ക്കുകള്‍. മൂന്ന് ഐടി പാര്‍ക്കുകളില്‍ നിന്നുള്ള 2.1 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) സംഭാവന നല്കിയത്.

 ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍, ഇന്‍ഫോപാര്‍ക്ക്-സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ എന്നിവര്‍ ചേര്‍ന്ന് 2.1 കോടി രൂപയുടെ ചെക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
 സംസ്ഥാന ഇലക്ട്രോണിക്സ് വിവര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍ ഐഎഎസ്, കേരള ഐടി പാര്‍ക്കുകളുടെ സിഎംഒ മഞ്ജിത് ചെറിയാന്‍, കേരള ഐടി പാര്‍ക്കുകളുടെ സിഎഫ്ഒ ജയന്തി .എല്‍ എന്നിവരും പങ്കെടുത്തു.
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കെ പ്രദേശങ്ങളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഐടി പാര്‍ക്കുകളായ ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ ഐടി സമൂഹത്തില്‍ നിന്നുള്ള മനുഷ്യത്വപരമായ ഇടപെടലാണ് ഈ ധനസഹായം.
 ഏറ്റവും വലിയ പ്രകൃതിദുരന്തത്തിനാണ് വയനാട് സാക്ഷ്യം വഹിക്കുന്നതെന്നും ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി ഐടി സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ പറഞ്ഞു. ദുരന്തബാധിതര്‍ക്കുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനുള്ള കാരുണ്യപൂര്‍വമുള്ള ഇടപെടലാണ് മൂന്ന് ഐടി പാര്‍ക്കുകളില്‍ നിന്നുള്ള ധനസഹായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാടിനൊപ്പം നില്‍ക്കണമെന്നും ദുരന്തത്തില്‍ നിന്ന് കരകയറാന്‍ അവരെ പിന്തുണയ്ക്കണമെന്നും സുശാന്ത് കുറുന്തില്‍ പറഞ്ഞു. തിരച്ചിലിലും രക്ഷാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്ലാഹനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്കിയതിലൂടെ ഐടി പാര്‍ക്കുകള്‍ ദുരന്തബാധിതരോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതായി ജയന്തി പറഞ്ഞു. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിലെ ആളുകള്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ പെട്ടെന്ന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അവര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *