ന്യൂഡൽഹി: മുൻ ദക്ഷിണാഫ്രിക്കൻ പേസർ മോർണി മോർക്കലിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് പരിശീലകനായി നിയമിച്ചതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. സെപ്റ്റംബർ 19 മുതൽ ചെന്നൈയിൽ ആരംഭിക്കുന്ന ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിൽ മോർണി മോര്‍ക്കല്‍ ചുമതലയേല്‍ക്കും. പരാസ് മാംബ്രെയായിരുന്നു നിലവിലെ ബൗളിംഗ് പരിശീലകന്‍. അടുത്ത മാസം ആദ്യം ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ മോർണി മോര്‍ക്കല്‍ റിപ്പോർട്ട് ചെയ്യും. ദുലീപ് ട്രോഫി മത്സരങ്ങള്‍ മോര്‍ക്കല്‍ നിരീക്ഷിക്കുമെന്നാണ് സൂചന.
39 കാരനായ അദ്ദേഹം മുമ്പ് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൽ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനൊപ്പം രണ്ട് വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. ഗംഭീറിൻ്റെ സപ്പോർട്ട് സ്റ്റാഫിലെ മറ്റ് അംഗങ്ങളിൽ അസിസ്റ്റൻ്റ് കോച്ചുമാരായ അഭിഷേക് നായർ, റയാൻ ടെൻ ഡോസ്‌ചേറ്റ്, ഫീൽഡിംഗ് കോച്ച് ടി ദിലീപ് എന്നിവരും ഉൾപ്പെടുന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 86 ടെസ്റ്റുകളിലും 117 ഏകദിനങ്ങളിലും 44 ടി20 മത്സരങ്ങളിലും കളിച്ച മോർക്കൽ ആകെ 544 അന്താരാഷ്ട്ര വിക്കറ്റുകൾ വീഴ്ത്തി. ഗംഭീറിൻ്റെ ശുപാർശ പ്രകാരമാണ് മോർക്കലിനെ നേരിട്ട് നിയമിച്ചതെന്നാണ് സൂചന. നേരത്തെ പാക് ടീമിന്റെ പരിശീലകനായും താരം പ്രവര്‍ത്തിച്ചിട്ടുണ്ട്.