ഷിരൂര്‍: അര്‍ജുനെ കണ്ടെത്തുന്നതിനുള്ള നിര്‍ണായക തിരച്ചിലിനായി ഈശ്വര്‍ മാല്‍പെ പുഴയില്‍ ഇറങ്ങി. ഇന്നലെ ജാക്കി കണ്ടെത്തിയ ഇടത്താണ് പരിശോധന. മാല്‍പെ മാത്രമാണ് നിലവില്‍ പുഴയില്‍ ഇറങ്ങിയിരിക്കുന്നത്.
ജാക്കി ലഭിച്ചത് പ്രതീക്ഷ നല്‍കുന്നുവെന്നും ഇന്ന് നിര്‍ണായകമായ തിരച്ചിലാണ് നടക്കുന്നതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കാലാവസ്ഥ അനുകൂലമാണ്. പുഴയില്‍ അടിയൊഴുക്ക് കുറഞ്ഞു. വിശാഖപട്ടണം നേവി സംഘത്തിന്റെ സഹായം ലഭ്യമാക്കണം. ജാക്കി കണ്ടെത്തിയ സ്ഥലത്ത് ലോറി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നയിടത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പൊലീസ് തടഞ്ഞു. പൊലീസ് ബാരിക്കേഡ് വെച്ച് മാധ്യമങ്ങളെ തടയുകയായിരുന്നു.
ഇന്നത്തെ തിരച്ചിലില്‍ പ്രതീക്ഷയെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞിരുന്നു. അര്‍ജുന്റെ വാഹനത്തിന്റെ ജാക്കിയാണ് കണ്ടെത്തിയത്. റോഡില്‍ നിന്ന് 100 അടി ദൂരെ നിന്നാണ് ജാക്കി ലഭിച്ചത്. 40 അടി താഴ്ചയിലായിരുന്നു ജാക്കി ഉണ്ടായിരുന്നത്. ലോറിയുണ്ടെങ്കില്‍ ഇന്ന് തന്നെ കണ്ടെത്താന്‍ സാധിക്കും. തിരച്ചിലിന് എത്തിയത് കുടുംബത്തിന്റെ വേദന മനസിലാക്കിയാണെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.