ലോസ് ആഞ്ചെലെസ്: കാലിഫോർണിയയിലെ ലോസ് ആഞ്ചെലെസിൽ ശക്തമായ ഭൂകമ്പം. തിങ്കളാഴ്ച ഉച്ച തിരിഞ്ഞാണ് ഭൂകമ്പമുണ്ടായത്. 4.4 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം ഹൈലാൻഡ് പാർക്കാണ്. ഏറെ പ്രശസ്തമായ ഹോളിവുഡ് അടയാളവും ഗ്രിഫിത്ത് ഒബ്സർവേറ്ററിക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഉച്ച കഴിഞ്ഞ് 12.20ഓടെയാണ് വലിയ രീതിയിൽ കെട്ടിടങ്ങൾ കുലുങ്ങി വിറയ്ക്കാൻ തുടങ്ങിയത്.
ജിയോളജിക്കൽ സർവേ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. വലിയ രീതിയിലുള്ള നാശനഷ്ടങ്ങളും ആളപായവും ഭൂകമ്പത്തിലുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപ നഗരങ്ങളായ പാസഡീന, ഗ്ലെൻഡേൽ എന്നിവടങ്ങളിലേക്കും ഭൂകമ്പത്തിന്റെ ആഘാതമുണ്ടായതായാണ് ജിയോളജിക്കൽ സർവേ വിശദമാക്കുന്നത്. ലോസ് ആഞ്ചെലെസ് അഗ്നിരക്ഷാ സേനയുടെ 106 സ്റ്റേഷനുകൾ നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിക്കുന്നുണ്ട്. തുടക്കത്തിൽ 4.7 തീവ്രത വിലയിരുത്തിയ ഭൂകമ്പം പിന്നീട് 4.4 തീവ്രതയുള്ളതാണെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ വിശദമാക്കുന്നത്.
4.7 magnitude earthquake felt live on the @TravisRodgers and @AllenSliwa show. We still feel like we’re shaking 😅 #earthquake@DuranSports @EmilyHybl @JABcamLA pic.twitter.com/naNt3OK8jy
— ESPN Los Angeles (@ESPNLosAngeles) August 12, 2024
കഴിഞ്ഞ ആഴ്ചകളിൽ 4 മുതൽ 5 വരെ തീവ്രതയുള്ള ഭൂകമ്പങ്ങൾ കാലിഫോർണിയയിൽ അനുഭവപ്പെട്ടിരുന്നു. ലോസ് ആഞ്ചെലെസിന് കിഴക്കൻ മേഖലയിലെ ഏറെ ജനവാസമുള്ള മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. തുടർ ചലനങ്ങൾക്കായി സജ്ജരാകണമെന്നാണ് ലോസ് ആഞ്ചെലെസ് പൊലീസ് ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വലിയ രീതിയിൽ കുലുക്കം അനുഭവപ്പെട്ടതായാണ് പ്രദേശവാസികൾ അവകാശപ്പെടുന്നത്. ചില കെട്ടിടങ്ങളിലെ ചില്ലുകൾ തകരുന്ന സാഹചര്യവുമുണ്ടായി. 1994ലെ 6.7 തീവ്രതയുള്ള ഭൂകമ്പത്തിനേ കുറിച്ചുള്ള ഓർമ്മകൾ ഉണ്ടാക്കുന്നതായിരുന്നു ഭൂകമ്പമെന്നാണ് നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ വിശദമാക്കുന്നത്. തെക്കൻ കാലിഫോർണിയയിൽ 5.2 തീവ്രതയുള്ള ഭൂകമ്പം അനുഭവപ്പെട്ടത് ആഴ്ചകൾക്ക് മുൻപ് മാത്രമായിരുന്നു.