78-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങുന്നു. ഇനി മൂന്ന് ദിവസം മാത്രമാണ് സ്വാതന്ത്ര്യദിനാഘോഷത്തിന് അവശേഷിക്കുന്നത്. ദേശസ്‌നേഹത്തിന്റെ പ്രതീകമായി ദേശീയ പതാക പ്രദർശിപ്പിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ കാമ്പെയ്ന്‍ ഇത്തവണയും സംഘടിപ്പിക്കുന്നുണ്ട്.കാമ്പെയ്‌ന്റെ മൂന്നാം പതിപ്പാണ് ഇത്തവണത്തേത്. ഓഗസ്റ്റ് ഒമ്പതിന് ആരംഭിച്ച കാമ്പെയ്ന്‍ 15 വരെ നീണ്ടുനിൽക്കും. പൗരന്മാരിൽ രാജ്യസ്നേഹത്തിൻ്റെയും അഭിമാനത്തിൻ്റെയും മനോഭാവം വളർത്തുക എന്നതാണ് ലക്ഷ്യം.
“ഓരോ ഇന്ത്യക്കാരനെയും ദേശീയ പതാക ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പൗരന്മാരിൽ ദേശസ്‌നേഹത്തിൻ്റെയും ദേശീയ അഭിമാനത്തിൻ്റെയും ചൈതന്യം വളർത്താനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്”-കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു.
കാമ്പെയ്ന്‍ അവിസ്മരണീയമായ ബഹുജന പ്രസ്ഥാനമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. സമൂഹമാധ്യമങ്ങളിലെ തന്റെ പ്രൊഫൈല്‍ പിക്ചറായി അദ്ദേഹം ദേശീയ പതാകയുടെ ചിത്രം ഉള്‍പ്പെടുത്തി. മറ്റുള്ളവരോടും ഇത് ചെയ്യാനും അദ്ദേഹം ആഹ്വാനം ചെയ്തു.
പതാകയ്‌ക്കൊപ്പം സെൽഫിയെടുക്കാനും ഹർ ഘർ തിരംഗ (HGT) പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യാനും കാമ്പയിൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പുറമെ, പ്രതിരോധ മന്ത്രാലയം ‘ഏക് പെദ് മാ കേ നാം’ കാമ്പെയ്‌നിന് കീഴിൽ രാജ്യവ്യാപകമായി വൃക്ഷത്തൈ നടൽ യജ്ഞം ആരംഭിച്ചു. ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി മോദി ആരംഭിച്ച ഈ സംരംഭം രാജ്യത്തുടനീളം 15 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിടുന്നു.
പ്ലാൻ്റേഷൻ ഡ്രൈവിൽ മൂന്ന് സായുധ സേവനങ്ങളും ഡിആർഡിഒ, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ, സിജിഡിഎ, എൻസിസി, സൈനിക് സ്കൂളുകൾ, ഓർഡനൻസ് ഫാക്ടറികൾ തുടങ്ങിയ അനുബന്ധ സംഘടനകളും ഉൾപ്പെടും.
“ഏക് പെദ് മാ കേ നാം’ (അമ്മയുടെ പേരിലുള്ള ഒരു മരം) കാമ്പയിൻ്റെ ഭാഗമാണ് പ്ലാൻ്റേഷൻ ഡ്രൈവ്. മൂന്ന് സേവനങ്ങളിലൂടെയും ഡിആർഡിഒ, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ, സിജിഡിഎ, എൻസിസി, സൈനിക് സ്കൂളുകൾ, ഓർഡനൻസ് ഫാക്ടറികൾ തുടങ്ങിയ അനുബന്ധ സംഘടനകൾ വഴിയും ഇത് നടത്തും,” പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.