കോവളം: വെള്ളായണി കായലിന്റെ പുനരുജ്ജീവന പദ്ധതിയുടെ ആദ്യ ഘട്ടം ഉടൻ. കായലിന്റെ പാലപ്പൂര് ബണ്ട് റോഡു ഭാഗത്തു നിന്നാണ് ആദ്യ നവീകരണം ആരംഭിക്കുന്നത്.64 കോടി രൂപ വകയിരുത്തിയ ആദ്യ ഘട്ടത്തിന്റെ രൂപരേഖയായി. ചെറുകിട ജലസേചന വകുപ്പു മുഖാന്തിരം നടപ്പാക്കുന്ന പുനരുജ്ജീവന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ആഗോള ടെൻഡർ സെപ്റ്റംബർ 9ന് തുറക്കും. പദ്ധതി ഭാഗമായി പാലപ്പൂര് ബണ്ട് റോഡുൾപ്പെടെ ഈ ഭാഗത്തെ 6500 മീറ്റർ ദൂരത്തെ കായൽ പ്രദേശം 3 മീറ്റർ ഉയരത്തിൽ കരിങ്കൽ സംരക്ഷണ ഭിത്തി കെട്ടും.
ഈ ഭാഗത്തെ കായലിൽ നിറഞ്ഞു കിടക്കുന്ന ഏകദേശം 15 എംക്യൂബ് ചെളി നീക്കം ചെയ്തു ജലാശയത്തിന്റെ ആഴം കൂട്ടും. നീക്കുന്ന ചെളി ലേലത്തിൽ വിൽക്കും.ചെളി നീക്കത്തിലൂടെ കായലിനെ ഗ്രസിച്ചിട്ടുള്ള കുളവാള പ്രശ്നത്തിനും പരിഹാരമാകുമെന്നാണ് കരുതുന്നതെന്ന് അധികൃതർ പറഞ്ഞു. കാർഷിക കോളജ് അതിരിടുന്ന കായൽ ഭാഗത്ത് 1000 മീറ്റർ ദൂരം കയർ ഉപയോഗിച്ചു ജൈവ വേലി നിർമിക്കും.സൗകര്യപ്രദമായ ഭാഗത്ത് സൈക്കിൾ ട്രാക്ക് പണിയും.
നിലവിൽ സൈക്കിൾ ട്രാക്ക് കുളങ്ങര ഭാഗത്താണ് ഉദേശിക്കുന്നതെന്ന് ചെറുകിട ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു. കായലിന്റെ കാക്കാമൂല–വവ്വാമ്മൂല ഭാഗമുൾപ്പെട്ട സ്ഥലത്താണ് രണ്ടാം ഘട്ട വികസനം. ഈ ഭാഗത്ത് 3000 മീറ്റർ ദൂരത്തിൽ സംരക്ഷണ ഭിത്തി പണിയും. കായലിലെ ചെളിയും നീക്കം ചെയ്യും.മൂന്നാം ഘട്ട പുനരുജ്ജീവന പദ്ധതിയിൽ കായലിന്റെ പ്രവേശന(മൗത്ത്)കവാടമായ കന്നുകാലിച്ചാൽ ഭാഗത്ത് റഗുലേറ്റർ സ്ഥാപിക്കും. ഇതു വഴി വേനൽക്കാലത്ത് കായൽ ജലം പുറത്തേക്ക് ഒഴുകി ജലനഷ്ടം ഒഴിവാക്കും.
മഴക്കാലത്ത് ഉയരുന്ന അധിക ജലം കന്നുകാലിച്ചാലിലേക്ക് ഒഴുക്കാനും റഗുലേറ്റർ ഉപയോഗിക്കും. വവ്വാമ്മൂലയിൽ ബണ്ടു റോഡിന്റെ മധ്യ ഭാഗം മുറിച്ചു ചെറു പാലം പണിത് മറു ഭാഗത്തെ കായലുമായി ഒഴുക്കു ബന്ധം സ്ഥാപിക്കും. ഇതിനൊപ്പം കായൽ കേന്ദ്രീകരിച്ചു ടൂറിസം ആകർഷക പദ്ധതികളും വകുപ്പ് ആലോചിക്കുന്നു. ഇതിനായി നടപടി നിർദേശങ്ങൾക്കും ആശയങങൾക്കുമായി ടൂറിസം വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ചെറുകിട ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു.