കോട്ടയം: കുടുംബ തര്ക്കര്ക്കു പ്രതികാരം ചെയ്യാന്‍ സൃഷ്ടിക്കുന്ന വ്യാജ പീഡന പരാതികള്‍ കോടതികളുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു. ഇത്തരത്തില്‍ സൃഷ്ടിക്കന്ന വ്യാജ പരാതികള്‍ കുട്ടകളുടെ മാനസികാരോഗ്യത്തെ വരെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്കു മാറുന്ന ഗുരതര സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കഴിഞ്ഞ പത്തു വര്ഷത്തിവനിടെ ഇത്തരം വ്യാജ പരാതികളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഹൈക്കോടി തന്നെ വിഷയത്തില്‍ കടുത്ത ജാഗ്രത വേണമെന്നു നിര്‍ദേശിച്ചിട്ടും കള്ളപ്പരാതികളുടെ എണ്ണത്തില്‍ കുറവില്ല.കുടുംബ തര്‍ക്കങ്ങളിലും പിതാവിനെതിരെയും ബന്ധുക്കള്ക്കെതിരെയുമെല്ലാം കുട്ടികളെ കൊണ്ട് കള്ളപ്പരാതി കൊടുപ്പിക്കുന്ന പ്രവണതയാണ് സംസ്ഥാനത്തുള്ളത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കള്ളപ്പരാതി നല്കിയാലും നടപടിയില്‍ നിന്നു സംരക്ഷിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതു ചൂഷണം ചെയ്താണ് പലരും ഇത്തരം നീക്കങ്ങള്‍ക്കു മുതിരുന്നത്. പക്ഷേ, ഇത്തരം കള്ളപ്പരാതിയില്‍ അന്യായമായി തടവില്‍ കഴിയേണ്ടി വരുന്നവരുടെ ദുരിതത്തിനും മനോവ്യഥയ്ക്കും ആര് നഷ്ടപരിഹാരം നല്കുമെന്നു കോടതി പോലും ചോദിക്കുന്നു. ഇക്കാര്യം സര്‍ക്കാര്‍ തലത്തില്‍ വിശദമായി പരിശോധിക്കണമെന്ന നിര്‍ദേശമാണ് ഹൈക്കോടി നല്‍കിയിരിക്കുന്നത്.
സഹപാഠിയുമായുള്ള പ്രണയബന്ധം വീട്ടിലറിയിച്ചതിന്റെ പ്രതികാരമായി സ്കൂള്‍ വിദ്യാര്‍ഥിനി ബന്ധുക്കളായ രണ്ട് യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയ സംഭവമാണ് ഇതിനു ഒടുവിലത്തെ ഉദാഹരണം. യുവാക്കള്‍ 62 ദിവസം തടവില്‍ കഴിയേണ്ടി വന്നതോടെ പരാതി വ്യാജമാണെന്ന് പെണ്‍കുട്ടി തന്നെ നേരിട്ട് കോടതിയിലെത്തി വെളിപ്പെടുത്തുകയായിരുന്നു. ജയിലില്‍ കഴിയേണ്ടിവന്ന യുവാക്കള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും കോടതി നിര്‍ദേശിച്ചു. പോക്സോ കേസിന്റെ ദുരുപയോഗത്തിന് ഉത്തമ ഉദാഹരണമാണിതെന്നും കോടതി പറഞ്ഞു
മുന്‍പും ഇത്തരം സാമന പരാതികളാണ് സംസ്ഥാനത്തു നിന്നു റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ ആണ്‍കുട്ടിയെ ഉപയോഗിച്ചു വ്യാജ പീഡന പരാതി നല്കി സഹപ്രവര്‍ത്തകനെ ജയിലിലാക്കിയ സംഭവം വരെ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. അന്നു പോക്സോ കേസില്‍ ജയിലിലടക്കപ്പെട്ട ഉദ്യോഗസ്ഥന് 68 ദിവസം ജയിലില്‍ കഴിഞ്ഞു. പിന്നീട് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യാജ പരാതിയാണെന്നു കണ്ടെത്തുകയും കേസില്‍നിന്ന് ജീവനക്കാരനെ ഒഴിവാക്കുകയായിരുന്നു.
തിരുവനന്തപുരത്ത് മൂന്നു വയസുകാരിയെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്തതായി അമ്മ നല്കിയ പരാതി വ്യാജമാണെന്നു കഴിഞ്ഞ ജൂലൈയില്‍ ഹൈക്കോടതി കണ്ടെത്തിയിരുന്നു.അച്ഛനെയും അമ്മയെയും ഇഷ്ടമാണെന്നും, അച്ഛനെയാണ് കൂടുതല്‍ ഇഷ്ട’മെന്നും മജിസ്ട്രേറ്റ് കോടതിയില്‍ കുട്ടി നല്കിയ മൊഴി തന്നെ ശക്തമായ തെളിവാണെന്നാണ് അന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. വ്യാജ പരാതിയില്‍ പിതാവിനുണ്ടായ മനോവിഷമം വ്യക്തമാക്കാന്‍ കൈതപ്രത്തിന്റെ ‘സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം…’ എന്ന പാട്ടും ഉത്തരവില്‍ ഉദ്ധരിച്ചിരുന്നു.വിവാഹത്തര്‍ക്കങ്ങള്‍ക്ക് ബലം കിട്ടാന്‍ കുട്ടികളെ ആയുധമാക്കുന്ന തെറ്റായ പ്രവണത വര്‍ദ്ധിക്കുന്നതായും കോടതി വിലയിരുത്തുകയും ചെയ്തു.
ഓരോ കേസുകള്‍ വരുമ്പോഴും ഹൈക്കോടതി ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുമെങ്കിലും കേസ് എടുക്കുന്ന സമയത്തടക്കം ജാഗ്രത പാലിക്കാന്‍ പലപ്പോഴും കഴിയാതെ പോകുന്നുണ്ട്. ഇത്തരം കേസുകളില്‍ പരാതി നല്കുന്ന കുട്ടികളുടെയും വ്യാജ ആരോപണങ്ങള്‍ക്ക് ഇരയാവുന്നവരുടെയും മാനസികാരോഗ്യം വരെ തകര്ക്കപ്പെടാമെന്ന ഗുരുതര സാഹചര്യം നിലനില്ക്കുന്നു. സംസ്ഥാന സര്‍ക്കാർ ഇത്തരം വ്യാജ പരാതികള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചില്ലെങ്കിൽ ഈ പ്രവണത ഗുരുതര പ്രതിസന്ധിയാകും വരും നാളുകളില്‍ സൃഷ്ടിക്കുക.