‘ഡിഎൻഎ ഫലം ലഭ്യമായിത്തുടങ്ങി, പൂർണഫലം 2 ദിവസത്തിനുള്ളിൽ’; പുനരധിവാസത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി കെ രാജൻ

കൽപറ്റ: വയനാട് ദുരന്തത്തിൽ കാണാതായവരുടെയും മരിച്ചവരുടെയും ഡിഎൻഎ ടെസ്റ്റുമായി ബന്ധപ്പെട്ട ഫലങ്ങൾ ഇന്നലെ മുതൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. പൂർണ്ണമായി ഫലം രണ്ട് ദിവസത്തിനുള്ളിൽ ലഭ്യമാകും. ഇതോടെ കൂടുതൽ പേരെ തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവത്തോണിലാണ് മന്ത്രിയുടെ പ്രതികരണം.

വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്കുള്ള പുനരധിവാസത്തിൽ സർക്കാരിന് കൃത്യമായ ധാരണയുണ്ടെന്നും അക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള ആശങ്ക വേണ്ടെന്നും മന്ത്രി  വ്യക്തമാക്കി. ഒന്നാമത്തെ ഘട്ടം സ്കൂളിലേക്ക് മാറ്റുക എന്നുള്ളതാണ്. ഇവരിൽ ബന്ധുവീടുകളിലേക്കും മാറുന്നവരെയും മാറിയവരെയും ഒഴിവാക്കിയാൽ ബാക്കിയുള്ളവരെ താത്ക്കാലികമായി ലഭ്യമായ വാടകവീടുകളിലും സർക്കാർ ക്വാർട്ടേഴ്സുകളിലും കൃത്യമായ ഉപകരണങ്ങളോടെ തന്നെ പുനരധിവസിപ്പിക്കാൻ തന്നെയാണ് തീരുമാനം. 65 ക്വാർട്ടേഴ്സുകൾ ഇപ്പോൾ റെഡ‍ിയാണ്. 34 എണ്ണം തയ്യാറാക്കുന്നുണ്ട്. പുനരധിവസിപ്പിക്കേണ്ട ആളുകളെക്കുറിച്ചുള്ള  കണക്കുകൾ ഇപ്പോൾ തയ്യാറാക്കുന്നുണ്ട്. ലഭ്യമായ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യം ആളുകളെ മാറ്റുക. അവരിൽ തന്നെ വിദ്യാർത്ഥികളുടെ വിദ്യാഭാസത്തിനും മുൻ​ഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. 

ആ​ഗസ്റ്റ് മാസത്തിൽ തന്നെ ക്യാംപുകളിൽ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം സർക്കാർ ഉറപ്പുവരുത്തും. അതിന്റെ വാടക സർക്കാർ നിശ്ചയിച്ച് കൊടുക്കും. ക്യംപിലുള്ളവർ സ്വന്തം നിലയ്ക്ക് വീടന്വേഷിച്ച് ബുദ്ധിമുട്ടേണ്ടന്നും മന്ത്രി പറഞ്ഞു. 

By admin