കൊല്‍ക്കത്ത: പാരിസ് ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം സൗരവ് ഗാംഗുലി. വനിതകളുടെ 50 കിലോ ഗ്രാം വിഭാഗത്തില്‍ ഫൈനലിലെത്തിയ വിനേഷിനെ സ്വര്‍ണ മെഡല്‍ പോരാട്ടത്തിന് മുമ്പ് നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന കാരണത്താല്‍ ഒളിംപിക് കമ്മിറ്റി അയോഗ്യയാക്കുകയായിരുന്നു. ഇതിനെതിരേ വിനേഷ് സമര്‍പ്പിച്ച ഹര്‍ജി ലോക കായിക തര്‍ക്കപരിഹാര കോടിതിയുടെ പരിഗണനയിലിരിക്കെയാണ് പിന്തുണയുമായി ഗാംഗുലി രംഗത്തെത്തിയിരിക്കുന്നത്.
‘കൃത്യമായ നിയമം എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷേ അവര്‍ ഫൈനലിലെത്തിയത് യോഗ്യതയുള്ളതുകൊണ്ടാണെന്ന് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ടുതന്നെ ഫൈനലിലെത്തുമ്പോള്‍ അവര്‍ക്ക് സ്വര്‍ണമോ വെള്ളിയോ ഉറപ്പായും ലഭിക്കും. വിനേഷിനെ അയോഗ്യയാക്കിയത് ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല. പക്ഷേ അവര്‍ വെള്ളി മെഡലെങ്കിലും അര്‍ഹിക്കുന്നുണ്ട്’, ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.
വിനേഷിന് പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്തുവരുന്നത്. വിനേഷ് ഫോഗട്ടിന് അര്‍ഹതപ്പെട്ട വെള്ളി മെഡല്‍ നല്‍കണമെന്ന് പറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും നേരത്തെ രംഗത്തെത്തിയിരുന്നു. വിനേഷ് വെള്ളി മെഡല്‍ അര്‍ഹിക്കുന്നുവെന്നും അവര്‍ക്ക് മെഡല്‍ നല്‍കണമെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ സച്ചിന്‍ വ്യക്തമാക്കിയത്.
ന്യായമായാണ് വിനേഷ് ഫൈനലിലേക്ക് യോഗ്യത നേടിയതെന്നും അവര്‍ക്ക് അര്‍ഹമായ മെഡല്‍ തട്ടിയെടുക്കുകയായിരുന്നുവെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ഉത്തേജക ഉപയോഗം പോലുള്ള മോശം പ്രവൃത്തികളുടെ പേരിലാണ് ഈ അയോഗ്യതയെങ്കില്‍ അത് മനസിലാക്കാം. എന്നാല്‍ ഇത് അങ്ങനെയല്ലെന്ന് പറഞ്ഞ അദ്ദേഹം വിനേഷിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed