കോട്ടയം: അശാസ്ത്രീയ പരിഷ്‌കാരങ്ങളില്‍ വലഞ്ഞ് ട്രെയിന്‍ യാത്രക്കാര്‍. കറുത്ത ബാഡ്ജ് ധരിച്ചു യത്ര ചെയ്തും എറണാകുളത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചും യാത്രക്കാര്‍. രാവിലെ എറണാകുളം റൂട്ടിലെ യാത്രയിലെ നരകയാതനയാണു പ്രതിഷേധത്തിനു കാരണം. പാലരുവി എക്സ്പ്രസ് എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സിന്റെ നേതൃത്വത്തിലാണു പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. കോട്ടയത്തു നിന്നുള്ളള്‍പ്പടെ കുറത്ത ബാഡ്ജ് ധരിച്ചാണ് യാത്രക്കാര്‍ ട്രെയിനില്‍ യാത്ര ചെയതത്.
തിരക്കുമൂലം പാലരുവിയില്‍ ശ്വാസം പോലും കിട്ടാതെ യാത്രക്കാര്‍ കുഴഞ്ഞുവീഴുന്നത് പതിവായിരിക്കുകയാണെന്നു യാത്രക്കാർ പറയുന്നു. പാലരുവിയിലെ തിരക്ക് പാരമ്യത്തിലെത്തുന്ന മുളന്തുരുത്തിയില്‍ എത്തുമ്പോള്‍, വന്ദേഭാരത് കടന്നുപോകാന്‍ പിടിച്ചിടുന്നതതോടെ അസ്വസ്ഥത വര്‍ധിക്കും. വേണാട് എക്സ്പ്രസ് എറണാകുളം ജങ്ഷന്‍ സ്റ്റോപ്പ് ഒഴിവാക്കിയതതോടെ പാലരുവിയില്‍ തിരക്കു ക്രമാതീതമായി. വേണാട് എറണാകുളം ജങ്ഷന്‍ ഒഴിവാക്കിയതിനു ബദല്‍ മാര്‍ഗം വേണമെന്ന ആവശ്യം ഇതുവരെ പരിഹരിച്ചിട്ടില്ല.
വര്‍ഷങ്ങളായി വേണാടില്‍ എത്തി, സൗത്തിലെ ഓഫീസുകളില്‍ സമയത്ത് എത്തിയിരുന്നവര്‍ക്ക്, ഇപ്പോള്‍ തൃപ്പൂണിത്തുറയില്‍ ഇറങ്ങി മെട്രോയില്‍ കയറി എത്തുമ്പോള്‍ സമയം പാലിക്കാന്‍ കഴിയുന്നില്ല. മാത്രമല്ല, മെട്രോ ടിക്കറ്റിനത്തില്‍ പ്രതിമാസം ഭീമമായ സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു. സമയം പാലിക്കാന്‍ കഴിയാതെ പലര്‍ക്കും ജോലി ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യവുമുണ്ട്.
പാലരുവിയ്ക്കും വേണാടിനുമിടയിലെ ഒന്നരമണിക്കൂര്‍ ഇടവേളയാണ് യാത്രാക്ലേശത്തിന് പ്രധാന കാരണം.പാലരുവിയില്‍ ഒറ്റക്കാലിലും തൂങ്ങിക്കിടന്നുമുള്ള യാത്ര നിമിത്തം കടുത്ത മാനസിക സമ്മര്‍ദ്ദവും ആരോഗ്യ പ്രശ്നങ്ങളും മൂലം യാത്രക്കാര്‍ വലയുകയാണ്. പാലരുവിയ്ക്കും വേണാടിനും ഇടയില്‍ മെമുവോ അല്ലെങ്കില്‍ പാസഞ്ചര്‍ സര്‍വീസോ അടിയന്തിരമായി പരിഗണിക്കണമെന്നാണു യാത്രക്കാരുടെ പ്രധാന ആവശ്യം. പാലരുവിയിലെ കോച്ചുകള്‍ വര്‍ധിപ്പിക്കണമെന്നും , വന്ദേഭാരതിനു വേണ്ടി പാലരുവി മുളന്തുരുത്തിയില്‍ പിടിച്ചിടുന്നത് തൃപ്പൂണിത്തുറയിലേക്കു മാറ്റണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.