കോട്ടയം: അന്തരിച്ച കോട്ടയം ഡി.സി.സി ജനറല്‍ സെക്രട്ടറി ജോബോയ് ജോര്‍ജിനു നല്‍കിയ വിടവാങ്ങലിനെ ചൊല്ലിയും കോണ്‍ഗ്രസില്‍ പടലപ്പിണക്കം. മൃതദേഹം പൊതു ദര്‍ശനത്തിനു വെച്ചശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ് നടത്തിയ അനുസ്മരണ പ്രസംഗത്തെച്ചൊല്ലിയാണു കോണ്‍ഗ്രസില്‍ പുതിയ വിവാദം രൂപം കൊണ്ടിരിക്കുന്നത്.
ജോബോയ് ജോര്‍ജിനു പാര്‍ട്ടിയില്‍ നിന്നു ലഭിച്ച സസ്‌പെഷന്‍ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഇടപെട്ടു പിന്‍വലിച്ചില്ലായിരുന്നെങ്കില്‍ സസ്പെഷന്‍ഷനിലായ കോണ്‍ഗ്രസുകാരനായി വിടവാങ്ങേണ്ടി വന്നേനെ എന്നായിരുന്നു കെ.സി. ജോസഫ് പറഞ്ഞത്.
താന്‍ അടക്കമുള്ളവര്‍ സമ്മര്‍ദം ചെലുത്തിയിട്ടും ജോബോയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ സാധിച്ചില്ലെന്നും, ഒടുവിൽ ജോബോയിയെ തിരിച്ചെടുത്ത നാട്ടകം സുരേഷിനു പ്രത്യേകം നന്ദിയും കെ.സി. പറയുകയും ചെയ്തിരുന്നു.
കെ.സി. ജോസഫിന്റെ പ്രസംഗത്തോടെയാണു ജോബോയ്ക്കു സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു എന്ന വിവരം പുറത്തേക്കു അറിയുന്നത്. അര്‍ഹിക്കുന്ന പരിഗണന പാര്‍ട്ടിയില്‍ ജോബോയ്ക്ക് ലഭിച്ചില്ലെന്ന അടുത്തു നില്‍ക്കുന്നവരുടെ പരാതിയും കെ.സിയുടെ പ്രസംഗവും ഏറെ ചര്‍ച്ചയായി.
സസ്‌പെഷന്‍ ഉള്‍പ്പടെ ഉള്ള നടപടികള്‍ പാര്‍ട്ടിയില്‍ നിന്നു നേരിട്ട കാലയളവില്‍ കടുത്ത നിരാശാ ബാധിതനായിരുന്നു ജോബോയ് എന്നും സുഹുത്തുക്കള്‍ പറയുന്നു. എന്നാല്‍, ഇതെല്ലാം പാര്‍ട്ടിയില്‍ ഉള്ളവര്‍ക്കു അറിയാമായിരുന്നെങ്കിലും പുറത്ത് അറിയുന്നതു കെ.സി. ജോസഫിന്റെ പ്രസംഗത്തോടെയാണ്.
കെ.സി ജോസഫിന്റെ ഒളിയമ്പ് ചെന്നു കൊണ്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ നേര്‍ക്കാണ്. തിരുവഞ്ചൂരിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണു ജോബോയ് സസ്‌പെന്‍ഷനിലാവുന്നതും. വിഷയത്തില്‍ തിരുവഞ്ചൂര്‍ വിട്ടുവീഴ്ചകള്‍ക്കു തയാറായിരുന്നില്ലെന്നതടക്കമുള്ള കാര്യങ്ങളാണു കെ.സി.യുടെ പ്രസംഗത്തിൽ സൂചന നല്‍കിയത്.
ഒരു ചെറുപ്പക്കാരന് ഉണ്ടാകാവുന്ന എല്ലാ എടുത്തുചാട്ടവും ജോബോയ്ക്കുണ്ടായിരുന്നു. അതിന്റെ ചെറിയ തെറ്റുകുറ്റങ്ങള്‍ മാത്രമാണ് ജോബോയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ അസാന്നിധ്യത്തിലായിരുന്നു പ്രസംഗം എന്നതും ശ്രദ്ധേയമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവഞ്ചൂര്‍ വയനാട്ടിലായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍, സംസ്‌കാരം കഴിഞ്ഞ ശേഷം കെ.സി ജോസഫിന്റെ പ്രസംഗത്തെച്ചൊല്ലി കോണ്‍ഗ്രസിലെ ഭിന്നതയും രൂക്ഷമാവുകയായിരുന്നു. അനവസരത്തിലാണു കെ.സി. ജോസഫിന്റെ വെളിപ്പെടുത്തല്‍ എന്നും തിരുവഞ്ചൂരിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.
യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായും ഡി.സി.സി ജനറല്‍ സെക്രട്ടറിയായും മികച്ച സംഘടനാ പ്രവര്‍ത്തനം നടത്തിയ ഒരു യുവ നേതാവിന്റെ മരണവും വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നതു കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ തന്നെ അതൃപ്തിയുണ്ടാക്കുന്നുണ്ട്.