ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭം മോദി ഭരണകൂടത്തിനും പാഠം,ഏകാധിപത്യവും ഫാസിസവും വിജയിക്കില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഏകാധിപത്യവും ഫാസിസവും ഒരിക്കലും വിജയിക്കില്ലെന്നും അതിനെതിരായി ഇന്ത്യന്‍ ജനത പ്രതികരിച്ചതിന് ഉദാഹരണമാണ്  പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.  കെപിസിസി ആസ്ഥാനത്ത് നടന്ന ക്വിറ്റ് ഇന്ത്യ അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് എന്നും ഫാസിസത്തിനും ഏകാധിപത്യത്തിനും എതിരാണ്. ബംഗ്ലാദേശില്‍ നടന്ന ജനകീയ പ്രക്ഷോഭത്തില്‍ നിന്ന്  ഇന്ത്യയിലെ മോദി ഫാസിസ് ഭരണകൂടം പാഠം ഉള്‍ക്കൊള്ളണം. ബംഗ്ലാദേശ്,ശ്രീലങ്ക,നേപ്പാള്‍,പാകിസ്ഥാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നടക്കുന്ന പ്രക്ഷോഭ പരമ്പരകള്‍ക്ക് പിന്നുള്ള വിദേശ ശക്തി ആരാണെന്നും അത് ഇന്ത്യക്ക് അഭികാമ്യമാണോയെന്ന് പരിശോധിക്കുന്നതിലും മോദി ഭരണകൂടം പരാജയപ്പെട്ടു. മോദിസര്‍ക്കാരിന്റെ വിദേശനയം സമ്പൂര്‍ണ്ണ പരാജയമാണ്. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ഇന്ത്യയുടേത് മികച്ച വിദേശ നയമായിരുന്നു. അയല്‍ രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നു.

ക്വിറ്റ് ഇന്ത്യ സമരം ബ്രട്ടീഷ് ഫാസിസത്തിനെതിരായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ഉജ്ജ്വല പോരാട്ടമാണ്.അതിന്റെ സ്മരണ വരും തലമുറയ്ക്കും ആവേശമാണ്.ചരിത്രത്തെ തമസ്‌കരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം സ്മരണകള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.ക്വിറ്റ് ഇന്ത്യ സമരത്തെ പിന്തുണയ്ക്കാത്തതില്‍ രാജ്യത്തെ കമ്യൂണിസ്റ്റുകാര്‍ ഇന്ന് പശ്ചാത്തപിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ അതിനെ തള്ളിപ്പറയുകയും കരിദിനമായി ആചരിക്കുകയും മഹാത്മാ ഗാന്ധിയെവരെ അധിക്ഷേപിക്കുകയും ചെയ്തു. പില്‍ക്കാലത്തുണ്ടായ കുറ്റബോധത്തില്‍ നിന്ന് അവര്‍ക്ക് മുന്‍ നിലപാട് തിരുത്തേണ്ടിവന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

By admin