കല്‍പറ്റ: കാലാവസ്ഥാ വ്യതിയാനം മൂലം അപകടകരമായ സ്ഥിതിയിലാണ് കേരളമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ മാത്രമല്ല, നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് കേരളത്തിലുള്ളത്. കേരളം മൊത്തം അപകടകരമായ സോണിലാണുള്ളത്.
ഏത് വലിയ വികസനപദ്ധതി വന്നാലും കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടം മനസിലാക്കി നയരൂപീകരണം നടത്തണം. ഈ ഒറ്റ കാര്യത്തിലാണ് കെ-റെയിലിനെ എതിര്‍ത്തത്. പാരിസ്ഥിതികാഘാത പഠനം പോലും നടത്താതെ അത്തരം പദ്ധതികളിലേക്ക് പോകാന്‍ കഴിയുന്ന സ്ഥിതിയിലല്ലാ കേരളം.
കാലാവസ്ഥാ വ്യതിയാനം സര്‍ക്കാര്‍ കാണാതെ പോകുന്നു. അത് പാടില്ല. വയനാട് ദുരന്തമുണ്ടാകുന്നതിന് രണ്ടാഴ്ച മുമ്പ് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനോടെല്ലാം സഹകരിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.