ആലപ്പുഴ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽനിന്ന് അഞ്ചുലക്ഷം രൂപ കവർന്ന കേസിൽ വയോധികൻ അറസ്റ്റിൽ. ആലപ്പുഴ കുതിരപ്പന്തി സായികൃപ കെ.കെ. പൊന്നപ്പനെയാണ് (79) ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.
സമീപവാസിയായ വീട്ടമ്മ റസീനയുടെ പരാതിയിലാണ് നടപടി. ഇവരുടെ മകന് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടുതവണയായാണ് അഞ്ചുലക്ഷം വാങ്ങിയത്. 15 ദിവസത്തിനകം ജോലി കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ജോലി കിട്ടാതായതോടെ പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി. പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. നേരത്തേയും സമാനരീതിയിൽ ഇയാൾ തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ പൊലീസിന് മുന്നിൽ രോഗം അഭിനയിച്ച് പൊന്നപ്പൻ രക്ഷപ്പെടാനും ശ്രമിച്ചു. ഹൃദയസ്തംഭനമാണെന്ന് പറഞ്ഞ ഇയാളെ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിശോധനയിൽ ഹൃദയസ്തംഭനമുണ്ടായിട്ടില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.