‘3 പൂട്ടുകളുമായി എത്തി മരത്തിൽ സ്വയം ബന്ധിച്ചു’, വിദേശവനിതയെ വനത്തിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ്

സിന്ധുദുർഗ്: മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ കാട്ടിൽ മരത്തിനോട് ചേർന്ന് കെട്ടിയിട്ട നിലയിൽ വിദേശ വനിതയെ കണ്ടെത്തിയതിലെ ദുരൂഹത മായുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്ന അമ്പതുവയസുകാരി തന്നെയാണ് മരത്തിൽ ചങ്ങല കൊണ്ട് കെട്ടിയിട്ടതെന്നാണ് ഇവർ പൊലീസിനോട് വിശദമാക്കുന്നത്. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും ചികിത്സയിൽ കഴിയുന്ന വിദേശ വനിത പൊലീസിനോട് വിശദമാക്കുന്നത്. 

ഇവരുടെ മാനസിക അവസ്ഥ സ്വയം മുറിവേൽപ്പിക്കുന്ന രീതിയിലാണെന്നും പൊലീസ് തിങ്കളാഴ്ച വിശദമാക്കിയത്. ആഴ്ച്ചകളായി ഭക്ഷണം കഴിക്കാത്തതിനാല്‍ തീര്‍ത്തും അവശനിലയിലാണ് ഇവരെ കണ്ടെത്തിയത്. ശനിയാഴ്ചയാണ് സിന്ധുദുർഗ് പൊലീസ് ഇവരുടെ മൊഴിയെടുത്തത്. മരത്തിൽ കെട്ടിയിടാനായി മൂന്ന് പൂട്ടുകളുമായാണ് വനത്തിലെത്തിയതെന്നും മറ്റാരും ഒപ്പമുണ്ടായിരുന്നില്ലെന്നും ഇവർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. മുംബൈയിൽ നിന്ന് 460 കിലോമീറ്റർ അകലെയുള്ള സോനുർലി ഗ്രാമാതിർത്തിയിലുള്ള വനമേഖലയിലാണ് ഇവരെ കണ്ടെത്തിയത്. 

സിന്ധു ദുര്‍ഗ് വന മേഖലയില്‍ കാലി മേയ്ക്കാന്‍ പോയ കര്‍ഷകര്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കെട്ടിയിട്ട് അവശയായ നിലയില്‍ ഒരു സ്ത്രിയെ കാണുന്നത്. അമേരിക്കന്‍ പാസ് പോര്‍ട്ടും തമിഴ്നാട് വിലാസമുള്ള ആധാര്‍ കാര്‍ഡും ഇവരുടെ അടുത്തുനിന്ന് കണ്ടെത്തിയിരുന്നു. ആധാര്‍ കാര്‍ഡില്‍ 50 വയസുകാരിയായ ലളിത കായിയെന്നാണ് എഴുതിയിരുന്നത്. കര്‍ഷകരാണ് വിവരം പൊലീസിനെ അറിയിച്ചത്.

പൊലീസെത്തി ഇവരെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കുകയായിരുന്നു. രോഗബാധിതയായ തന്നെ തമിഴ്നാട്ടുകാരനായ ഭര്‍ത്താവ് കെട്ടിയിട്ട് ഉപേക്ഷിച്ചുപോയെന്നാണ് ഇവര്‍ ആദ്യം പൊലീസിനോട് വിശദമാക്കിയത്. സംസാരിക്കാനാവാത്തതിനാല്‍ വിവരങ്ങൾ ഇവർ പേപ്പറില്‍ എഴുതി നല്‍കുകയായിരുന്നു. പാസ്പോർട്ടിലുള്ള രേഖ പ്രകാരം ഇവരുടെ വിസ കാലാവധി പത്തുവര്‍ഷം മുമ്പ് അവസാനിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin