ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് രാജ്യം വിട്ട ഷെയ്ഖ് ഹസീനയുടെ വിസ റദ്ദാക്കി അമേരിക്ക. ബംഗ്ലാദേശിലെ പ്രതിപക്ഷ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. യുഎസ് അടക്കം വിവിധ പാശ്ചാത്യരാജ്യങ്ങള്‍ ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ക്കിടെയാണ് വിസ റദ്ദാക്കിയത്.
ബംഗ്ലാദേശ് വിട്ട് ഇന്ത്യയിലെത്തിയ ഹസീന നിലവില്‍ ഗാസിയാബാദിലെ ഹിൻഡൻ എയർബേസിലാണ്. യൂറോപ്യൻ രാജ്യങ്ങളിൽ അഭയം തേടാനുള്ള സാധ്യതകളാണ് തിരയുന്നത്. യുകെ ഹസീനയ്ക്ക് അഭയം നല്‍കില്ലെന്നാണ് സൂചന. എന്നാല്‍ യുകെ പൗരത്വമുള്ള സഹോദരി രഹന ഉടൻ യുകെയിലേക്ക് പോയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.യുകെയിൽ നിയമ പരിരക്ഷ ലഭിക്കില്ലെന്ന് ബ്രിട്ടീഷ് സർക്കാർ സൂചിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഹസീന തല്‍ക്കാലം ഇന്ത്യയില്‍ തുടരും.
“ആവശ്യമുള്ള ആളുകൾക്ക് സംരക്ഷണം നൽകുന്നതിൽ യുകെയ്ക്ക് അഭിമാനകരമായ റെക്കോർഡുണ്ട്. എന്നിരുന്നാലും, അഭയം തേടുന്നതിനോ താൽക്കാലിക അഭയം തേടുന്നതിനോ ഒരാളെ യുകെയിലേക്ക് പോകാൻ അനുവദിക്കുന്ന വ്യവസ്ഥയില്ല. അന്താരാഷ്‌ട്ര സംരക്ഷണം ആവശ്യമുള്ളവർ ആദ്യം എത്തിച്ചേരുന്ന സുരക്ഷിത രാജ്യത്ത് അഭയം തേടണം – അതാണ് സുരക്ഷിതത്വത്തിലേക്കുള്ള ഏറ്റവും വേഗതയേറിയ വഴി,” യുകെ ഹോം ഓഫീസ് വക്താവ് എൻഡിടിവിയോട് പറഞ്ഞു.