കല്പറ്റ: മേപ്പാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസം വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി. 20 ദിവസത്തിനകം ക്ലാസുകള്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലേയും മുണ്ടക്കൈ ഗവ. ജി എല്‍ പി സ്‌ക്കൂളിലേയും അടിസ്ഥാന സൗകര്യങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് നോഡല്‍ ഓഫീസറായി വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി.
മേല്‍നോട്ട ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നല്‍കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വയനാട്ടില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് വിതരണം ചെയ്യും. കുട്ടികള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിന് കെ എസ് ആര്‍ ടി സിയുമായി ചര്‍ച്ച നടത്തും.
ആവശ്യമെങ്കില്‍ ബദല്‍ സംവിധാനം ഒരുക്കും. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് അധിക സൗകര്യം ഒരുക്കും. കൈറ്റ് കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കും. ക്യാമ്പിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *